സ്വന്തമായി ഉള്ളത് ഇടിഞ്ഞുപൊളിയാനായ കൂര; പൊലീസ് കസ്റ്റഡിയിലെടുത്തതിനു പിന്നാലെ മരിച്ച കല്ലേരി സ്വദേശി സജീവന്റെ മരണത്തോടെ ആശ്രയമില്ലാതായി രണ്ട് അമ്മമാര്‍


കല്ലേരി: വടകര പൊലീസ് കസ്റ്റഡിയിലെടുത്തതിന് പിന്നാലെ മരണപ്പെട്ട കല്ലേരി താഴെ കൊലോത്ത് സജീവന്റെ മരണത്തോടെ ഇല്ലാതായത് രണ്ട് അമ്മമാരുടെ ആശ്രയം. അമ്മ ജാനുവിനും അവരുടെ മൂത്ത സഹോദരി നാരായണിക്കും ഏകാശ്രയമായിരുന്നു സജീവന്‍.

അമ്മയുടെ ജേഷ്ഠത്തിയുടെ മകന്‍ മരിച്ചതിനെത്തുടര്‍ന്നാണ് അവരും സജീവന്റെ സംരക്ഷണയിലായത്. നിത്യരോഗികളായ രണ്ടുപേര്‍ക്കും ഭക്ഷണമുള്‍പ്പെടെ ഒരുക്കിയാണ് സജീവന്‍ ജോലിക്ക് പോയിരുന്നത്. സജീവന്‍ രാത്രി വീട്ടിലെത്താതായതോടെ സുഹൃത്തുക്കളുടെ ഫോണില്‍ മാറി മാറി വിളിച്ചുകൊണ്ടിരിക്കുകയായിരുന്നു അമ്മ ജാനു. വൈകുന്നേരം നാലു മണിയോടെയാണ് മകന്റെ വേര്‍പാട് അമ്മയറിയുന്നത്.

സ്വന്തം വീട് ഇടിഞ്ഞുപൊളിയാനായതിനെ തുടര്‍ന്ന് അമ്മയുടെ ജേഷ്ഠത്തിയുടെ വീട്ടിലാണ് സജീവനും അമ്മയും മഴക്കാലം തുടങ്ങിയതിനുശേഷം താമസിച്ചു വന്നത്.

മികച്ച കായികശേഷിയുള്ള, മരം മുറിക്കാരനായ സജീവന് ശാരീരിക പ്രശ്‌നമുള്ളതായി ഇതുവരെ ശ്രദ്ധയില്‍പ്പെട്ടില്ലെന്ന് ബന്ധുക്കളും സുഹൃത്തുക്കളും പറഞ്ഞു. നാട്ടിലെ മികച്ച വോളിബോള്‍ താരംകൂടിയായിരുന്നു സജീവന്‍.

അതിനിടെ, സജീവന്റെ മരണവുമായി ബന്ധപ്പെട്ട് വടകര എസ്.ഐ ഉള്‍പ്പെടെ മൂന്നുപേരെ സസ്‌പെന്റ് ചെയ്തിട്ടുണ്ട്. എസ്.ഐ എം.നിജീഷ്, എ.എസ്.ഐ അരുണ്‍, സിവില്‍ പൊലീസ് ഓഫീസര്‍ ഗിരീഷ് എന്നിവര്‍ക്കെതിരെയാണ് നടപടിയെടുത്തത്. പ്രാഥമിക അന്വേഷണത്തില്‍ വീഴ്ച കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.

ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി ഹരിദാസാണ് കേസന്വേഷിക്കുന്നത്. സജീവനെ വടകര എസ്.ഐ നിജേഷ് മര്‍ദിച്ചതായി സുഹൃത്തുക്കളും ബന്ധുക്കളും ആരോപിച്ചിരുന്നു. കുഴഞ്ഞുവീണപ്പോള്‍ ആശുപത്രിയിലെത്തിക്കാന്‍ പൊലീസ് തയ്യാറായില്ലെന്നും സുഹൃത്തുക്കള്‍ ആരോപിച്ചിരുന്നു.

Summary:Two mothers became helpless with the death of Sajeev, a native of Kalleri, who died after being taken into police custody