പാലേരി കുളക്കണ്ടത്തില്‍ യുവാവിനെ വീട്ടില്‍ക്കയറി വെട്ടിയ സംഭവം; രണ്ടുപേര്‍ കൂടി പിടിയില്‍


പേരാമ്പ്ര: പാലേരി കുളക്കണ്ടത്തില്‍ വീട്ടില്‍ക്കയറി യുവാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസില്‍ രണ്ടുപേര്‍കൂടി അറസ്റ്റില്‍. ചങ്ങരോത്ത് കുന്നോത്ത് അരുണ്‍ (29), ചങ്ങരോത്ത് അയനിക്കുന്നുമ്മല്‍ അക്ഷയ് (25) എന്നിവരെയാണ് പേരാമ്പ്ര ഇന്‍സ്‌പെക്ടര്‍ ബിനു തോമസ് അറസ്റ്റുചെയ്തത്. ഇവരെ ഇന്ന് മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ ശേഷം റിമാന്റ് ചെയ്തു.

കേസില്‍ അറസ്റ്റിലായ മറ്റു നാലുപേരെ പേരാമ്പ്ര മജിസ്‌ട്രേറ്റ് കോടതി കഴിഞ്ഞ ദിവസം റിമാന്‍ഡ് ചെയ്തിരുന്നു. ചെമ്പ്ര വണ്ണാറത്ത് ഉജേഷ് (40), പേരാമ്പ്ര ഹൈസ്‌കൂളിനടുത്തുള്ള തൈവച്ചപറമ്പില്‍ ധനേഷ് (28), ചേനോളി റോഡ് പാറക്കണ്ടി മീത്തല്‍ ജിഷ്ണു (26), പേരാമ്പ്ര പരപ്പില്‍ പി. പ്രസൂണ്‍ (30) എന്നിവരെയാണ് കൊയിലാണ്ടി സബ്ജയിലിലേക്കയച്ചത്.

കഴിഞ്ഞ ശനിയാഴ്ച അര്‍ധരാത്രി കുളക്കണ്ടം പഴുപ്പട്ട എടത്തുംകുന്നുമ്മല്‍ വിജേഷിനെ(34) ബൈക്കിലെത്തിയ സംഘം വീട്ടില്‍ക്കയറി വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. വീട്ടിലെത്തിയ അക്രമികള്‍ കോളിംഗ് ബെല്‍ അടിച്ചതിനെ തുടര്‍ന്ന് വാതില്‍ തുറന്ന വിജേഷിനെ സംഘം വെട്ടി പരുക്കേല്‍പ്പിക്കുകയായിരുന്നു. വയറിനും പുറത്തും ചെവിയുടെ പിന്‍ഭാഗത്തുമെല്ലാം വെട്ടേറ്റിരുന്നു. പളനി തീര്‍ത്ഥയാത്രക്ക് പോയ അച്ഛനും അമ്മയും തിരികെയെത്തി എന്നു കരുതിയാണ് വാതില്‍ തുറന്നത്. വിജേഷ് ശസ്ത്രക്രിയക്കുശേഷം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

സംഭവത്തിന് ശേഷം പ്രതികള്‍ കര്‍ണാടകയിലെ ഹൊസൂരിനടുത്തുള്ള ലോഡ്ജില്‍ ഒളിച്ചുകഴിയുകയായിരുന്നു. ഇവിടെനിന്നാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. പ്രതികള്‍ രക്ഷപ്പെടാന്‍ ഉപയോഗിച്ച വാഹനവും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രദേശത്ത് ഉത്സവം നടന്ന ദിവസം മര്‍ദനമേറ്റതിന്റെ വൈരാഗ്യത്തിലായിരുന്നു ആക്രമണം.

എ.എസ്.പി. പ്രദീപ് കുമാര്‍, പേരാമ്പ്ര ഡിവൈ.എസ്.പി. കുഞ്ഞിമോയീന്‍കുട്ടി എന്നിവരുടെ മേല്‍നോട്ടത്തിലായിരുന്നു അന്വേഷണം. എസ്.ഐ. ജിതിന്‍വാസ്, എ.എസ്.ഐ. പി.കെ. ശ്രീജിത്ത്, എസ്.സി.പി.ഒ.മാരായ ടി.കെ. റിയാസ്, ശ്രീജിത്ത്, എ. അരുണ്‍ഘോഷ്, സി.പി.ഒ. ജോജോ ജോസഫ്, ഷിജു എന്നിവര്‍ അന്വേഷണസംഘത്തിലുണ്ടായിരുന്നു.