നിർത്തിയിട്ട കാരവനില്‍ രണ്ട് മൃതദേഹങ്ങള്‍; ദുരൂഹതയും ഞെട്ടലും മാറാതെ വടകര! 2024 ൽ നാടിനെ നടുക്കിയ വാർത്ത
വടകര: ഡിസംബര്‍ 23, സമയം രാത്രി 8 മണി….’വടകര കരിമ്പനപ്പാലത്ത് നിര്‍ത്തിയിട്ട വാഹനത്തില്‍ രണ്ട് പേര്‍ മരിച്ച നിലയില്‍’. ഒരു കാരവാന്റെ ചിത്രത്തോടൊപ്പം ഈ ക്യാപ്ഷന്‍ വടകരയിലെ വിവിധ വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ പലരും ഷെയര്‍ ചെയ്തു. മിനിട്ടുകള്‍ക്കുള്ളില്‍ മലയാളത്തിലെ പ്രമുഖ ചാനലുകളില്‍ ബിഗ് ബ്രേക്കിങ്ങായി വാര്‍ത്ത വന്നു. കേട്ടപാതി കരിമ്പനപ്പാലത്തെ പ്രദേശവാസികള്‍ സംഭവസ്ഥലത്തേക്ക് ഓടി. അപ്പോഴേക്കും കരിമ്പനപ്പാലം കെ.ടി.ഡി.സിയുടെ ആഹാര്‍ റെസ്റ്റോറന്റിന് സമീപം ആളുകള്‍ തിങ്ങി നിറഞ്ഞിരുന്നു.
ദേശീയപാതയ്ക്ക് സമീപത്ത് ആളുകള്‍ കൂടിയതോടെ സ്ഥലത്ത് മൂന്നിലേറെ തവണ ഗതാഗതതടസ്സവും ഉണ്ടായി. വിവരമറിഞ്ഞ് പോലീസും മറ്റ് ഉന്നത ഉദ്യോഗസ്ഥരും സ്ഥലത്തേക്ക് മിനിറ്റുകള്‍ക്കുള്ളില്‍ എത്തി. സ്ഥലം പോലീസിന്റെ സംരക്ഷണയിലായി. പിന്നീടുള്ള ഒരാഴ്ച കരിമ്പനപ്പാലം പല തവണ വാര്‍ത്തകളില്‍ മിന്നിമറഞ്ഞു.
തിങ്കളാഴ്ച രാത്രി ഏതാണ്ട് 10മണിയോടെ തന്നെ മരിച്ചവരെ പോലീസ് തിരിച്ചറിഞ്ഞു. പൊന്നാനിയിൽ കാരവൻ ടൂറിസം കമ്പനിയിലെ ഡ്രൈവർ മലപ്പുറം വണ്ടൂർ വാണിയമ്പലം സ്വദേശി മനോജും അതേ കമ്പനിയിലെ ജീവനക്കാരൻ കണ്ണൂർ തട്ടുമ്മൽ സ്വദേശി ജോയലുമാണ് മരിച്ചത്. ഒരാളുടെ മൃതദേഹം കാരവന്റെ സ്റ്റെപ്പിലും മറ്റൊരാളുടേത് ഉള്ളിലും മരിച്ചുകിടക്കുന്ന നിലയിലായിരുന്നു.
മലപ്പുറം എടപ്പാളിൽ ഫ്രണ്ട് ലൈൻ ഹോസ്പിറ്റാലിറ്റി പ്രോപ്പർട്ടി മാനേജ്മെന്റ് സ്ഥാപനത്തിന്റേതാണ് വാഹനം. KL 54 P 1060 വാഹനത്തിൽ എടപ്പാളിൽനിന്നും വിവാഹ പാർട്ടിയെ ഞായറാഴ്ച വൈകീട്ട് 3.30ഓടെ കണ്ണൂരിൽ ഇറക്കി തിരിച്ചുവരുകയായിരുന്നു. തിങ്കളാഴ്ച വൈകീട്ടോടെ മലപ്പുറത്ത് ഇവർ വാഹനവുമായി എത്തേണ്ടിയിരുന്നതാണ്. മരിച്ച ജോയല്‍ കാരവാനിലെ ജീവനക്കാരനായിരുന്നില്ല. കാരവാന്‍ സര്‍വ്വീസ് നടത്തുന്ന ഫ്രണ്ട്‌ലൈന്‍ ഹോസ്പിറ്റാലിറ്റി ആന്‍ഡ് പ്രോപ്പര്‍ട്ടി മാനേജ്‌മെന്റ് സ്ഥാപനത്തിലെ ഐടി വിഭാഗത്തിലാണ് ജോയലിന്റെ ജോലി. മനോജുമായുള്ള സൗഹൃദത്തിന്റെ പുറത്താണ് ഇയാള്‍ക്കൊപ്പം കണ്ണൂരിലേക്ക് പോയത്.
ഞായറാഴ്ച രാത്രി പത്ത് മണിക്ക് സുഹൃത്തുമായി ജോയല്‍ സംസാരിച്ചിരുന്നു. മാത്രമല്ല രാത്രി രണ്ട് മണിക്ക് സുഹൃത്തിനെ വീഡിയോ കോളും ചെയ്തിരുന്നു. ഇതിന് ശേഷമാണ് മരണം സംഭവിക്കുന്നത്. ജോയല്‍ മരിച്ച വാര്‍ത്ത തിങ്കഴാഴ്ച രാത്രി പത്ത് മണിയോടെയാണ് സുഹൃത്തുക്കളും ബന്ധുക്കളും അറിയുന്നത്.
മനോജ് കാരവാനില്‍ ഡ്രൈവറായി ജോലിക്ക് കയറിയിട്ട് എട്ട് മാസമായി. അതിന് മുമ്പ് ബസിലും ഓട്ടോറിക്ഷയിലും ഡ്രൈവറായിരുന്നു. തിങ്കളാഴ്ച വീട്ടിലേക്ക് വിളിക്കാതായതോടെ ഭാര്യ പ്രിയ കുറേ തവണ മനോജിന്റെ ഫോണിലേക്ക് വിളിച്ചിരുന്നു. പിന്നീട് കമ്പനിയില്‍ വിളിച്ച് വിവരം പറയുകയായിരുന്നു.
ഞായറാഴ്ച രാത്രി തന്നെ കാരവാന്‍ റോഡരികില്‍ നിർത്തിയിട്ടത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. എന്നാല്‍ തിങ്കളാഴ്ച വൈകീട്ട് സമീപവാസിക്ക് വന്ന ഫോണ്‍ കോള്‍ വിവരം അനുസരിച്ചാണ് നാട്ടുകാർ വാഹനത്തിനടുത്തെത്തി പരിശോധിച്ചത്. പരിശോധനയിൽ ഡോറിന് സമീപത്തായി ഒരാൾ കിടക്കുന്ന നിലയിൽ കണ്ടെത്തി. തുടര്‍ന്ന് പൊലീസ് എത്തി പരിശോധിച്ചപ്പോഴാണ് മറ്റൊരാൾ വാഹനത്തിന്റെ ബർത്തിലും മരിച്ചുകിടക്കുന്ന നിലയിൽ കണ്ടത്.
അന്വേഷണത്തിന്റെ തുടക്കത്തില്‍ തന്നെ എ.സിയിട്ട് ഉറങ്ങിയപ്പോള്‍ ഉള്ളില്‍ കാര്‍ബണ്‍ മോണോക്‌സൈഡ് നിറഞ്ഞ് അത് ശ്വസിച്ചതാകാം മരണകാരണമെന്നായിരുന്നു പോലീസിന്റെ പ്രാഥമിക നിഗമനം. ഇത് ശരിവെക്കുന്നതായിരുന്നു പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം നിഗമനവും.
മൃതദേഹങ്ങൾ ഇൻക്വസ്റ്റ് ചെയ്യുന്നതിനും ചെയ്യുന്നതിനടക്കം എല്ലാ സഹായത്തിനും പോലീസിനൊപ്പം കരിമ്പനപ്പാലം പ്രദേശവാസികള്‍ സദാസമയം അവര്‍ക്കൊപ്പമുണ്ടായിരുന്നു. മൃതദേഹം കാരവനിൽനിന്ന് താഴെയിറക്കാനും പോലീസിനെ ഇവർ സഹായിച്ചു. മലപ്പുറത്തുനിന്നും കാസർകോട്ടുനിന്നും എത്തിയ മനോജിന്റെയും ജോയലിന്റെയും ബന്ധുക്കൾക്കും ഇവരുടെ സഹായം തുണയായി. രണ്ടുമൃതദേഹവും പോസ്റ്റ്‌മോർട്ടത്തിനായി കൊണ്ടുപോയശേഷമാണ് നാട്ടുകാർ മടങ്ങിയത്.
സംഭവത്തില്‍ വാഹനത്തിനുള്ളില്‍ എങ്ങനെ കാര്‍ബണ്‍ മോണോക്സൈഡ് കയറിയെന്നത് കണ്ടെത്താന്‍ കോഴിക്കോട് എന്‍.ഐ.ടി. സഹായത്തോടെ പരിശോധന നടത്തിയിട്ടുണ്ട്. പ്രാഥമിക പരിശോധനയ്ക്കായി എന്‍.ഐ.ടി. സംഘം വെള്ളിയാഴ്ചയാണ് വടകരയിലെത്തിയത്. ഒരാഴ്ചയ്ക്കുള്ളില്‍ വിശദമായ പരീക്ഷണം നടത്തുമെന്നാണ് ലഭിക്കുന്ന വിവരം.