കൊടുവള്ളിയില്‍ വ്യാപാര സ്ഥാപനത്തില്‍ കവര്‍ച്ച നടത്തിയ കേസില്‍ രണ്ടുപേര്‍ പിടിയില്‍; പ്രതികളിലൊരാള്‍ പോക്‌സോ കേസില്‍ പ്രതിയായ കൊയിലാണ്ടി കൊല്ലം സ്വദേശി
കോഴിക്കോട്: കൊടുവള്ളിയിലെ വ്യാപാര സ്ഥാപനത്തില്‍ കവര്‍ച്ച നടത്തിയ കേസില്‍ പോക്‌സോ കേസ് പ്രതിയായ കൊയിലാണ്ടി സ്വദേശിയടക്കം രണ്ടുപേര്‍ പിടിയില്‍. കൊയിലാണ്ടി കൊല്ലം കിഴക്കേ വാരിയം വീട്ടില്‍ അബു ഷാനിദ് (28) മലപ്പുറം പള്ളിക്കല്‍ ബസാര്‍ മരക്കാം കാരപ്പറമ്പ് റെജീഷ് (35) എന്നിവരാണ് പിടിയിലായത്.
അബുഷാനിദ് കഴിഞ്ഞ വര്‍ഷം ഓഗസ്ത് മാസത്തില്‍ കോഴിക്കോട് മലയമ്മയിലുള്ള പ്രായപൂര്‍ത്തിയകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് കുന്ദമംഗലം സ്റ്റേഷനിലെ കേസില്‍ പ്രതിയായി ജയില്‍ ശിക്ഷ അനുഭവിച്ചിരുന്നു. ഈ വര്‍ഷം മെഡിക്കല്‍ കോളേജ് വെച്ച് ഇതര സംസ്ഥാന തൊഴിലാളിയെ കവര്‍ച്ച ചെയ്ത കേസിലും ഇയാള്‍ പിടിയിലായിരുന്നു. ഈ കേസില്‍ നവംബര്‍ 17 നാണ് ഇയാള്‍ ജാമ്യത്തില്‍ ഇറങ്ങിയത്.
പിറ്റേന്ന് പോക്‌സോ കേസിലെ പരാതിക്കാരിയായ പെണ്‍കുട്ടിയുടെ വീട്ടില്‍ നിന്നും പിതാവിന്റെ മോട്ടോര്‍ സൈക്കിള്‍ മോഷണം നടത്തി, അന്ന് തന്നെ കൊടുവള്ളിയിലുള്ള സൂപ്പര്‍ മാര്‍ക്കറ്റിലും കവര്‍ച്ച നടത്തിയത്.
തലപ്പെരുമണ്ണ വെച്ച് വാഹനപരിശോധനക്കിടെ മോഷ്ടിച്ച ബൈക്കുമായി ആണ് പൊലീസ് ഇവരെ പിടികൂടിയത്. കഴിഞ്ഞ മാസം 19 ന് പുലര്‍ച്ചെ ഒരു മണിക്ക് കൊടുവള്ളി വരിക്കുഴിതാഴം സൂപ്പര്‍മാര്‍ക്കറ്റില്‍ ഷട്ടര്‍ തകര്‍ത്തു 18,000 രൂപയും സ്റ്റേഷനറി സാധനങ്ങളും കവര്‍ച്ച നടത്തിയ കേസിലാണ് ഇവരെ പിടികൂടിയത്.
കോഴിക്കോട് റൂറല്‍ എസ്.പി.ആര്‍. കറപ്പസാമി ഐ.പി.എസ്‌ന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. കളവ് നടത്തിയ ബൈക്കുമായി തലപ്പെരുമണ്ണ നിന്നും കൊടുവള്ളി ഭാഗത്തേക്ക് വരുമ്പോള്‍ പൊലീസിനെ കണ്ട് തിരിച്ചു രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് പ്രതികള്‍ പിടിയിലാവുന്നത്.