അരിക്കുളത്ത് ഐസ്‌ക്രീം കഴിച്ച് പന്ത്രണ്ടുവയസുകാരൻ മരിച്ച സംഭവം: പ്രതി താഹിറയെ തെളിവെടുപ്പിനെത്തിച്ചു


കൊയലാണ്ടി: അരിക്കുളത്തെ പന്ത്രണ്ടുവയസുകാരൻ അഹമ്മദ് ഹസൻ രിഫായിയുടെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പിതൃസഹോദരി താഹിറയെ അരിക്കുളത്ത് തെളിവെടുപ്പിനെത്തിച്ചു. അരിക്കുളത്തുള്ള താഹിറയുടെ വീട്ടിലാണ് പ്രതിയുമായി പോലീസ് സംഘം എത്തിയത്. വൻ പോലീസ് സന്നാഹത്തോടെയാണ് പ്രതിയെ തെളിവെടുപ്പിന് എത്തിച്ചത്.

താഹിറയുടെ സഹോദരൻ മുഹമ്മദലിയുടെ മകനെ കൊലപ്പെടുത്തിയ കേസിൽ ഇന്നാണ് പോലീസ് താഹിറയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. സഹോദരന്റെ ഭാര്യയെ കൊലപ്പെടുത്താണ് ഐസ്ക്രീമിൽ വിഷം ചേർത്തത് എന്നായിരുന്നു യുവതിയുടെ മൊഴി. താഹിറയുടെ വീട്ടിലും, ഐസ്ക്രീം വാങ്ങിയ അരിക്കുളത്തെ സൂപ്പർമാർക്കറ്റിലും, മരിച്ച അഹമ്മദ് ​ഹസൻ‍ രിഫായിയും കുടുംബവം വാടകയ്ക്ക് താമസിക്കുന്ന വീട്ടിലും പ്രതിയെ തെളിവെടുപ്പിന് കൊണ്ടുപോകുമെന്നാണ് ലഭിക്കുന്ന വിവരം.

കഴിഞ്ഞ ഞായറാഴ്ചയാണ് അഹമ്മദ് ഹസന്‍ റിഫായി ഐസ്‌ക്രീം കഴിച്ചതിനെ തുടര്‍ന്ന് ഛര്‍ദ്ദിക്കുകയും അവശനിലയിലാവുകയും ചെയ്തത്. തിങ്കളാഴ്ച രാവിലെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു കുട്ടി മരിച്ചത്.

വിശദമായ അന്വേഷണത്തിനൊടുവിലാണ് പൊലീസ് അഹമ്മദിന്റെ മരണം കൊലപാതകമാണെന്ന് കണ്ടെത്തുകയും പ്രതിയെ പിടികൂടുകയും ചെയ്തത്. നിരവധി പേരില്‍ നിന്നാണ് പൊലീസ് മൊഴിയെടുത്തത്. ഇതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ മൂന്ന് ദിവസമായി നിരവധി പേരെ ചോദ്യം ചെയ്തിരുന്നു. ഒടുവിലാണ് പ്രതി താഹിറയാണ് എന്ന നിഗമനത്തില്‍ പൊലീസ് എത്തിയത്. ചോദ്യം ചെയ്യലിനൊടുവില്‍ താഹിറ കുറ്റം സമ്മതിച്ചു. താഹിറയ്ക്ക് മാനസിക പ്രശ്‌നങ്ങള്‍ ഉള്ളതായും പൊലീസ് പറയുന്നു.

mid3]

കോഴിക്കോട് റുറൽ ജില്ലാ പോലീസ് മേധാവി ആർ കറപ്പസാമിയുടെ നേതൃത്വത്തിൽ ഡി.വൈ.എസ്.പി. ആർ.ഹരിപ്രസാദ്, സി.ഐ. കെ.സി.സുബാഷ് ബാബു, എസ്.ഐ.വി.അനീഷ്, പി.എം.ശൈലേഷ്, ബിജു വാണിയംകുളം, സി.പി.ഒ.കരീം, ഗംഗേഷ്, വനിതാ സിവിൽ പോലീസ് ഓഫീസർമാരായ ശോഭ, രാഖി, എസ്.സി.പി.ഒ ബിനീഷ്, എന്നിവരടങ്ങുന്ന സംഘമാണ് കേസ് അന്വേഷിക്കുന്നത്.

ALSO READ- ‘ഐസ്‌ക്രീം വാങ്ങിയ ശേഷം വിഷം ചേര്‍ത്ത് കുട്ടിക്ക് നല്‍കി, കൊലയ്ക്ക് പിന്നില്‍ മുന്‍വൈരാഗ്യം’; അരിക്കുളത്തെ പന്ത്രണ്ടുകാരന്റെ മരണത്തിന്റെ നിര്‍ണായക സി.സി.ടി.വി ദൃശ്യങ്ങള്‍ പേരാമ്പ്ര ന്യൂസ് ഡോട് കോമിന് (വീഡിയോ കാണാം)