ഗതാഗതക്കുരുക്ക് രൂക്ഷം; വടകര -തൊട്ടിൽപ്പാലം റൂട്ടിൽ നാളെ സ്വകാര്യ ബസ് പണിമുടക്ക്
വടകര: വടകര തൊട്ടിൽപ്പാലം റൂട്ടിൽ ചൊവ്വാഴ്ച സ്വകാര്യ ബസ് തൊഴിലാളികൾ നാളെ പണിമുടക്കും. തൊഴിലാളികളുമായി വടകര സി.ഐ.വിളിച്ച് ചേർത്ത അനുരജ്ജന ചർച്ച അലസിപ്പിരിഞ്ഞു. ദേശീയപാത നിർമ്മാണ പ്രവൃത്തിയുടെ ഭാഗമായി ഏർപ്പെടുത്തിയ ഗതാഗത നിയന്ത്രണം പുന:പരിശോധിക്കുക, യാത്രാക്കുരുക്കിന് പരിഹാരം കാണുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.
വടകര – തൊട്ടിൽപ്പാലം റൂട്ടിൽ പുതുതായി നടപ്പിലാക്കിയ ട്രാഫിക് പരിഷ്കരണത്തിൻ്റ ഭാഗമായി വലിയ രീതിയിൽ ഗതാഗത കുരുക്ക് അനുഭവപ്പെടുകയാണ്. വലിയ വാഹനങ്ങൾ വഴിതിരിച്ച് വിടുന്നതിന്റെ ഭാഗമായി ഓർക്കാട്ടേരി നാദാപുരം, കക്കട്ട്, കുറ്റ്യാടി ടൗൺ ഉൾപ്പെടെ ഗതാഗതക്കുരുക്ക് രൂപപ്പെട്ട് ബസ് ഓടിക്കാൻ കഴിയാത്ത സ്ഥിതിയാണ്. ബസ്സുകൾക്ക് സമയക്രമം പാലിച്ച് സർവീസ് നടത്താൻ കഴിയുന്നില്ലെന്ന് തൊഴിലാളികൾ ആരോപിക്കുന്നു.