കയ്യെത്തിപ്പിടിക്കാവുന്ന ദൂരത്തില്‍ മേഘങ്ങള്‍ തൊട്ടുരുമ്മിപ്പോകുന്നു, കുഞ്ഞരുവികളും ചെറിയ വെള്ളച്ചാട്ടങ്ങളും; കോഴിക്കോട്ടെ ഒളിഞ്ഞിരിക്കുന്ന സ്വര്‍ഗമായ വൈദ്യര്‍ മലയിലേക്ക് ഒരു യാത്ര പോകാം


കോഴിക്കോടിനെ സാധാരണയായി ആരും മഞ്ഞും മലകളും നിറഞ്ഞ ഒരു ഹില്‍സ്റ്റേഷനായി സങ്കല്‍പിക്കാറില്ല. ചുവപ്പും മഞ്ഞയും പച്ചയുമെല്ലാം നിറത്തില്‍ ചില്ലുകൂട്ടില്‍ നിറയുന്ന ഹല്‍വകളും മസാല മണമൊഴുകുന്ന കിടുക്കാച്ചി ബിരിയാണിയും മാനാഞ്ചിറയും ബീച്ചുമെല്ലാമാണ് കോഴിക്കോടെന്ന് കേള്‍ക്കുമ്പോള്‍ നമ്മുടെയെല്ലാം മനസ്സിലേക്ക് ഓടിയെത്തുന്നത്.

എന്നാല്‍ ഈയിടെയായി സോഷ്യല്‍ മീഡിയയിലെ സഞ്ചാരികള്‍ കണ്ടെത്തിയ ഒട്ടനേകം മനോഹര സ്ഥലങ്ങള്‍ കോഴിക്കോടുണ്ട്. അത്തരത്തിൽ ആളുകളുടെ ശ്രദ്ധയാകർഷിച്ചൊരിടമാണ് വൈദ്യര്‍ മല.

ഈയിടെയായി സഞ്ചാരികളുടെ സ്വര്‍ഗമായി മാറിയിരിക്കുകയാണ് വൈദ്യര്‍ മല എന്ന മനോഹരമായ പ്രദേശം. കോഴിക്കോട് ജില്ലയിലെ അരീക്കോട്- മുക്കം ഭാഗത്തുള്ള ഗോതമ്പുറോഡിലാണ് വൈദ്യർ മല സ്ഥിതി ചെയ്യുന്നത്. കൊടിയത്തൂർ പഞ്ചായത്തിലെ ഒരു ചെറിയ ഗ്രാമമാണ് ഗോതമ്പു റോഡ്. മുക്കത്ത് നിന്ന് ഏകദേശം ആറു കിലോമീറ്ററും അരീക്കോട് നിന്നും ഏകദേശം ഒന്‍പതു കിലോമീറ്ററും അകലെയായാണ് ഗോതമ്പുറോഡ് ഗ്രാമം സ്ഥിതി ചെയ്യുന്നത്.

വൈദ്യർ മലയുടെ മുകളിൽ നിന്നുള്ള ഉദയവും അസ്തമയവും വളരെ മനോഹരമാണ്. പുലര്‍കാലങ്ങളില്‍ വയനാട് തോല്‍ക്കുന്ന കോടയാണ് ഇവിടെ സഞ്ചാരികളെ വരവേല്‍ക്കുക. മലയുടെ മുകളിൽ നിന്നും നോക്കുമ്പോള്‍ കയ്യെത്തിപ്പിടിക്കാവുന്ന ദൂരത്തില്‍ മേഘങ്ങള്‍ തൊട്ടുരുമ്മിപ്പോകുന്ന അനുഭവം വാക്കുകളില്‍ വിവരിക്കാനാവില്ല.

വൈദ്യര്‍മലയുടെ മുകളിലേക്ക് കയറാനായി പ്രത്യേകം വഴി ഉണ്ടാക്കിയിട്ടില്ല. മരങ്ങളാല്‍ നിബിഡമായ പ്രദേശമാണ് ഇത്. ചുറ്റുമുള്ള തോട്ടങ്ങളിലൂടെയും, മുളം കാടുകളിലൂടെയുമെല്ലാം, പാറകള്‍ നിറഞ്ഞ പ്രദേശങ്ങള്‍ താണ്ടി വേണം മലയുടെ ഏറ്റവും മുകളിലേക്ക് എത്താന്‍. ഏകദേശം അരമണിക്കൂർ മുതൽ ഒരു മണിക്കൂർ വരെ സമയമെടുക്കും ട്രെക്ക് ചെയ്ത് മലയുടെ മുകളിൽ എത്താൻ. പോകുംവഴി, കളകളം പാടിയൊഴുകുന്ന കുഞ്ഞരുവികളും അവിടവിടെയായി ചെറിയ വെള്ളച്ചാട്ടങ്ങളും കാണാം.

കയറിച്ചെല്ലാന്‍ അല്‍പം പ്രയാസമുണ്ടെങ്കിലും ഏറ്റവും മുകളില്‍ ചെന്നാല്‍ ആ ക്ഷീണം മുഴുവന്‍ മറക്കും. താഴെ ഗോതമ്പുറോഡ്‌ ഗ്രാമത്തിന്‍റെ സുന്ദരമായ കാഴ്ചയും മേഘങ്ങളും മഞ്ഞുമെല്ലാം ചേര്‍ന്ന് അതുല്യമായ ഒരനുഭവമാണ് അത്. ആ കാഴ്ചകളെല്ലാം കണ്ട്, മലയുടെ മുകളില്‍ ഇരിക്കുമ്പോള്‍ മുഴുവന്‍ ക്ഷീണവും അലിഞ്ഞില്ലാതെയാകും.

മഴകാലത്ത് ഇവിടേക്കുള്ള യാത്ര അത്ര സുഖകരമല്ല, മാത്രമല്ല നിറയെ പാറകള്‍ നിറഞ്ഞ പ്രദേശമായതിനാല്‍ അപകടം പറ്റാനും സാധ്യതയുണ്ട്. ഇതൊരു വിനോദസഞ്ചാരകേന്ദ്രമല്ലാത്തതു കൊണ്ടുതന്നെ പ്രദേശവാസികളുടെ സഹായമുണ്ടെങ്കില്‍ മാത്രമേ ഇവിടേക്ക് എത്താനാവൂ.


Also Read: അക്കൗണ്ടില്‍ മിനിമം ബാലന്‍സ് ഇല്ലെങ്കില്‍ പണി പാളും; ഓരോ ബാങ്കുകളുടെയും സേവിങ്‌സ് അക്കൗണ്ടുകളില്‍ സൂക്ഷിക്കേണ്ട കുറഞ്ഞ തുക എത്രയെന്ന് നോക്കാം


Summary: Tourist spot in kozhikode vydhyar mala