‘നാളെ ബസുകള്‍ പതിവുപോലെ സര്‍വ്വീസ് നടത്തും, മുന്‍കൂട്ടി നോട്ടീസ് നല്‍കാതെയുള്ള സമരം ജനങ്ങളോടുള്ള വെല്ലുവിളി’; ബസ് തൊഴിലാളികളുടെ തൊഴില്‍ ബഹിഷ്‌കരണത്തിനെതിരെ പ്രതിഷേധവുമായി ട്രേഡ് യൂണിയനുകൾ


വടകര: കോഴിക്കോട്- കണ്ണൂര്‍ റൂട്ടില്‍ സ്വകാര്യ ബസ് ജീവനക്കാര്‍ തൊഴില്‍ ബഹിഷ്‌കരണം പ്രഖ്യാപിച്ചതിനെതിരെ വിവിധ തൊഴിലാളി സംഘടനകള്‍ രംഗത്ത്. മുന്‍കൂറായോ നോട്ടീസ് നല്‍കുകയോ സംഘടനകളുമായോ അതിന്റെ കോഡിനേഷനുകളുമായോ ഒന്നും ചര്‍ച്ച നടത്താതെ ജീവനക്കാര്‍ സോഷ്യല്‍ മീഡിയ വഴി തൊഴില്‍ ബഹിഷ്‌കരണം പ്രഖ്യാപിച്ചത് അംഗീകരിക്കാനാവില്ലെന്നാണ് തൊഴിലാളികളുടെയും ജീവനക്കാരുടെയും സംഘടനകള്‍ പറയുന്നത്.

മുന്‍കൂട്ടി അറിയിക്കാതെ ബന്ധപ്പെട്ട അധികാരികള്‍ക്ക് നോട്ടീസ് പോലും നല്‍കാതെയും വാട്‌സ്ആപ്പിലൂടെ നാളെ ബസ് പണിമുടക്ക് എന്ന പ്രഖ്യാപിക്കുന്ന നിലപാട് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് സംയുക്ത ട്രേഡ് യൂണിയന്‍ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. ട്രേഡ് യൂണിയനുകള്‍ക്ക് ഇതില്‍ യാതൊരു പങ്കുമില്ലെന്നും വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

ഇത്തരം സമരങ്ങള്‍ക്കെതിരെ ബന്ധപ്പെട്ട അധികാരികള്‍ ശക്തമായ നിലപാട് സ്വീകരിക്കണമെന്നാണ് അഭ്യര്‍ത്ഥിക്കുന്നതെന്ന് സി.ഐ.ടി.യു, എ.ഐ.ടി.യു.സി, ഐ.എന്‍.ടി.യു.സി, ബി.എം.എസ്, എസ്.ടി.യു സംയുക്ത സമരസമിതി കണ്‍വീനര്‍ പി.പി.കുഞ്ഞാന്‍ അറിയിച്ചു.

ബസ് ഉടമകളുടെ സംഘടനയെന്ന നിലയില്‍ തങ്ങളോട് ഒരു കാര്യവും പറയാതെ ഇങ്ങനെയൊരു സമരം പ്രഖ്യാപിച്ചിരിക്കുന്നതെന്ന് ബസ് ഓപ്പറേറ്റീവ് അസോസിയേഷന്‍ കോഴിക്കോട് ജില്ലാ ജോയിന്റ് സെക്രട്ടറി മനോജ് വടകര ഡോട് ന്യൂസിനോട് പറഞ്ഞു. നോട്ടീസ് നല്‍കാതെയുള്ള ഒരു സമരത്തെയും സംഘടന പിന്തുണയ്ക്കില്ലെന്നും നാളെ ബസുകള്‍ സാധാരണപോലെ സര്‍വ്വീസ് നടത്തണമെന്നാണ് പറയാനുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.

ദേശീയപാതയുടെ ശോചനീയാവസ്ഥ പരിഹരിക്കുക, മടപ്പള്ളി കോളേജ് സ്‌റ്റോപ്പില്‍ നിന്നും സീബ്രാലൈന്‍ മുറിച്ച് കടക്കുമ്പോള്‍ ഉണ്ടായ അപകടത്തില്‍ ഡ്രൈവറുടെ ലൈസെന്‍സ് ആജീവനാന്തം റദ്ദാക്കിയത് പുനപരിശോധിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് ജീവനക്കാര്‍ തൊഴില്‍ ബഹിഷ്‌കരിക്കുകയാണെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. വാട്‌സ്ആപ്പിലൂടെയാണ് സമരപ്രഖ്യാപനം നടത്തിയിരിക്കുന്നത്.