തൂണേരി ഷിബിന്‍ വധക്കേസ്: വിചാരണ കോടതി വെറുതെ വിട്ട എട്ട് പ്രതികള്‍ കുറ്റക്കാരെന്ന് ഹൈക്കോടതി
നാദാപുരം: തൂണേരിയില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനായ ഷിബിനെ കൊലപ്പെടുത്തിയ കേസില്‍ വിചാരണ കോടതി വെറുതെ വിട്ട എട്ട് പ്രതികള്‍ കുറ്റക്കാരാണെന്ന് ഹൈക്കോടതി. ഒന്ന് മുതല്‍ ആറ് വരെ പ്രതികളും 15, 16 പ്രതികളും കുറ്റക്കാരെന്ന് ഹൈക്കോടതി വ്യക്തമാക്കി. പ്രതികളായ മുസ്ലീം ലീഗ് പ്രവര്‍ത്തകരായ 17 പേരെ വെറുതെ വിട്ടുകൊണ്ടുള്ള എരഞ്ഞിപ്പാലം അഡീഷണല്‍ സെഷന്‍സ് കോടതി വിധിക്കെതിരെയായിരുന്നു സര്‍ക്കാരിന്റെ അപ്പീല്‍. ഒക്ടോബര്‍ 15ന് പ്രതികളെ നേരിട്ട് ഹാജരാക്കണമെന്ന് പൊലീസിനോട് കോടതി നിര്‍ദേശിച്ചു. അന്ന് ശിക്ഷ വിധിക്കും.
തെയ്യമ്പാടി മീത്തലെ പുനച്ചിക്കണ്ടി ഇസ്മയില്‍ (28), സഹോദരന്‍ മുനീര്‍ (30), താഴെകുനിയില്‍ കാളിയാറമ്പത്ത് അസ്ലം (20) കേസിലെ ആദ്യ മൂന്ന് പ്രതികള്‍. രാഷ്ട്രീവും വര്‍ഗീയവുമായ വിരോധത്താല്‍ ലീഗ് പ്രവര്‍ത്തകരായ പ്രതികള്‍ മാരകായുധങ്ങളുമായി ഷിബിന്‍ ഉള്‍പ്പെടെയുള്ള സി.പി.എം പ്രവര്‍ത്തകരെ ആക്രമിച്ചെന്നാണ് കേസ്. സംഭവത്തില്‍ ആറ് പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
2015 ജനുവരി 28നാണ് വെള്ളൂരില്‍ വെച്ച് ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ ഷിബിന്‍ കൊല്ലപ്പെട്ടത്. മുസ്ലിംലീഗ് പ്രവര്‍ത്തകരായ 17 പേരായിരുന്നു കേസിലെ പ്രതികൾ. എന്നാല്‍ കേസില്‍ എല്ലാം പ്രതികളെയും വെറുതെ വിട്ടതായി 2016 മെയ് മാസത്തിലാണ് എരഞ്ഞിപ്പാലം അഢീഷണല്‍ സെക്ഷന്‍ കോടതിയുടെ വിധി വന്നത്. കേസ് സംശയാതീതമായി തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിയാത്ത സാഹചര്യത്തില്‍ പ്രതികളെ കുറ്റവിമുക്തരാക്കുന്നുവെന്നായിരുന്നു കോടതി വിധി.
Description: Thuneri Shibin murder case: High Court found eight accused acquitted by the trial court