തൂണേരി ഷിബിൻ വധക്കേസ്; ഒന്നാം ഒഴികെ വിദേശത്തുനിന്നെത്തിയ ആറ് പ്രതികളെ നാദാപുരം പോലീസ് കസ്റ്റഡിയിലെടുത്തു


നാദാപുരം: തൂണേരി ഷിബിന്‍ വധക്കേസില്‍ കുറ്റക്കാരായി കോടതി വിധിച്ച ഏഴ് പ്രതികളിൽ ആറുപേരും വിദേശത്തു നിന്നും എത്തി പോലീസിന് കീഴടങ്ങി. മുസ്ലിം ലീഗ് പ്രവർത്തകരായ ഏഴ് പ്രതികള്‍ക്കുള്ള ശിക്ഷ ഹൈക്കോടതി നാളെ വിധിക്കാനിരിക്കെയാണ് പ്രതികൾ കീഴടങ്ങിയത്. എന്നാൽ കേസിലെ ഒന്നാം പ്രതി തെയ്യാംപടി ഇസ്മായില്‍ ഇതുവരെ കീഴടങ്ങിയിട്ടില്ല.

കോടതി വിധി വന്നപ്പോൾ വിദേശത്തായിരുന്നതിനാൽ പ്രതികളെ അറസ്റ്റ് ചെയ്യാന്‍ പൊലീസിന് കഴിഞ്ഞിരുന്നില്ല. പ്രതികള്‍ക്കായി നാദാപുരം പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. വിദേശത്ത് നിന്ന് നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ പ്രതികളെ നാദാപുരം പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതികളെ അറസ്റ്റ് ചെയ്ത് നാളെ ഹാജരാക്കണമെന്നാണ് കോടതി ഉത്തരവ്.

ഇവരെ വെറുതെ വിട്ട കീഴ്‌ക്കോടതി വിധി ഹൈക്കോടതി റദ്ദാക്കിയിരുന്നു. കസ്റ്റഡിയിലുള്ള പ്രതികളെ നാളെ ഹൈക്കോടതിയില്‍ ഹാജരാക്കും. ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയില്‍ നിയമപോരാട്ടം നടത്തുമെന്ന് ലീഗ് നേതൃത്വം അറിയിച്ചിട്ടുണ്ട്. 2015 ജനുവരി 22 നായിരുന്നു നാദാപുരം തൂണേരിയില്‍ ഷിബിന്‍ കൊല്ലപ്പെട്ടത്. പ്രതികളെ വെറുതെവിട്ട വിചാരണക്കോടതി വിധിക്കെതിരെ ഷിബിന്റെ പിതാവാണ് ഹൈക്കോടതിയെ സമീപിച്ചത്.

Summary: Thuneri Shibin murder case; Apart from the first, six accused who came from abroad were taken into custody by Nadapuram police