തൂണേരി ഷിബിൻ വധക്കേസ്; പ്രതികള്‍ക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി


നാദാപുരം: ഡി.വൈ.എഫ്.ഐ. പ്രവർത്തകൻ സി.കെ ഷിബിൻ വധക്കേസിലെ പ്രതികള്‍ക്കായി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. 7 പ്രതികള്‍ക്ക് വേണ്ടിയാണ് നാദാപുരം പോലീസ് ലുക്ക് ഓട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. പ്രതികളില്‍ ആറുപേര്‍ വിദേശത്തും ഒരാള്‍ ചെന്നൈയിലും ആണെന്നാണ് വിവരം.

കേസില്‍ വിചാരണ കോടതി വെറുതെ വിട്ട എട്ട് പ്രതികള്‍ കുറ്റക്കാരെന്ന് ഹൈക്കോടതി വിധി വെള്ളിയാഴ്ചയായിരുന്നു വന്നത്‌. കേസിലെ 1 മുതൽ 6 വരെയുള്ള പ്രതികളും 15, 16 പ്രതികളുമാണ് കുറ്റക്കാർ. ഈ മാസം 15ന് മുമ്പ് പ്രതികളെ അറസ്റ്റ് ചെയ്ത് വിചാരണ കോടതിയില്‍ ഹാജരാക്കാനാണ് ഹൈക്കോടതി നിര്‍ദേശം. ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.

2015 ജനുവരി 28നാണ് വെള്ളൂരില്‍ വെച്ച് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ ഷിബിന്‍ കൊല്ലപ്പെട്ടത്. മുസ്ലിംലീഗ് പ്രവര്‍ത്തകരായ 17 പേരായിരുന്നു കേസിലെ പ്രതികൾ. എന്നാല്‍ കേസില്‍ എല്ലാം പ്രതികളെയും വെറുതെ വിട്ടതായി 2016 മെയ് മാസത്തിലാണ് എരഞ്ഞിപ്പാലം അഡീഷണല്‍ സെക്ഷന്‍ കോടതിയുടെ വിധി വന്നത്. കേസ് സംശയാതീതമായി തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിയാത്ത സാഹചര്യത്തില്‍ പ്രതികളെ കുറ്റവിമുക്തരാക്കുന്നുവെന്നായിരുന്നു കോടതി വിധി.

Description: Thuneri Shibin murder case; A look-out notice has been issued for the accused