കൊയിലാണ്ടിയിൽ നിന്നും മോഷ്ടിച്ച ബൈക്കുമായി മൂന്നുപേര്‍ ബാലുശ്ശേരിയില്‍ പിടിയില്‍; ബൈക്കിന്റെ പല ഭാഗങ്ങളും തകര്‍ന്ന നിലയില്‍


കൊയിലാണ്ടി: കൊല്ലത്തുനിന്നും മോഷ്ടിച്ച ബൈക്കുകളുമായി മൂന്നുപേര്‍ ബാലുശ്ശേരിയില്‍ പോലീസ് പിടിയില്‍. ഇന്നലെ രാത്രി ബാലുശ്ശേരി പൊലീസ് നടത്തിയ പരിശോധനയ്ക്കിടെ നിര്‍മ്മല്ലൂരില്‍ വെച്ചാണ് പ്രതികള്‍ പിടിയിലായത്.

കല്ലായി അമ്പലത്താഴം ഷിഹാന്‍ (21), ചേളന്നൂര്‍ പുതുക്കുടി മീത്തല്‍ സായൂജ് (20), മാങ്കാവ് പട്ടയില്‍ത്താഴെ പ്രവീണ്‍ (25) എന്നിവരാണ് പിടിയിലായത്. പ്രതികളെ കൊയിലാണ്ടി പൊലീസിന് കൈമാറി.

കൊല്ലത്തുനിന്ന് കാണാതായ രണ്ടു ബൈക്കുകളും ഇവരുടെ പക്കല്‍ നിന്നും കണ്ടെടുത്തിട്ടുണ്ട്. ബൈക്കിന്റെ പല ഭാഗങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ച നിലയിലാണുള്ളത്. പ്രതികളുടെ പക്കല്‍ നിന്നും ചെറിയ അളവില്‍ കഞ്ചാവും പിടിച്ചെടുത്തിട്ടുണ്ടെന്ന് ബാലുശ്ശേരി പൊലീസ് അറിയിച്ചു.

കൊയിലാണ്ടി കൊല്ലം വില്ലേജ് ഓഫീസിന് സമീപത്തുള്ള അപ്പാര്‍ട്ട്‌മെന്റിന്റെ പാര്‍ക്കിങ് ഏരിയയില്‍ നിര്‍ത്തിയിട്ടിരുന്ന രണ്ടു ബൈക്കുകളാണ് ചൊവ്വാഴ്ച പുലര്‍ച്ചെ കാണാതായത്. ഇതുമായി ബന്ധപ്പെട്ട് കൊയിലാണ്ടി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം പുരോഗമിക്കെയാണ് പ്രതികള്‍ ബാലുശ്ശേരിയില്‍ പിടിയിലായത്.