പരിശോധന ശക്തമാക്കി; അനധികൃതമായി മദ്യ വില്പന നടത്തിയ മൂന്ന് പ്രതികള്‍ പെരുവണ്ണാമൂഴി പോലീസിന്റെ പിടിയില്‍
പെരുവണ്ണാമൂഴി: അനധികൃതമായി മദ്യ വില്‍പ്പന നടത്തിയ മൂന്ന് പ്രതികള്‍ പിടിയില്‍. മൂന്ന് വ്യത്യസ്ത കേസുകളിലായി ചാലില്‍ ലിഗേഷ്, നരിനട ചിറ്റടിക്കുന്നി രമേശന്‍, നരിപ്പാറ നാണു എന്നിവരെയാണ് പെരുവണ്ണാമൂഴി പോലീസ് അറസ്റ്റു ചെയ്ത്.
പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ നിരീക്ഷണത്തില്‍ കൂവപൊയിലിലെ പച്ചക്കറിക്കടയില്‍ നിന്നും മദ്യം വില്‍പ്പന നടത്തുന്നതിനിടെയാണ് ലിഗേഷിനെ പിടികൂടിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് പ്രതിയെ നിരീക്ഷിച്ചുവരികയായിരുന്നു. കടയില്‍ നിന്നും അഞ്ച് കുപ്പി ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യം കസ്റ്റഡിയിലെടുത്തു.
ചക്കിട്ടപ്പാറ ടൗണിലും പരിസര പ്രദേശങ്ങളിലും മദ്യവില്‍പ്പന നടത്തുന്നതിനിടെയാണ് രമേശന്‍ പിടിയിലാവുന്നത്. ഇയാളും ടൗണില്‍ സ്ഥിരമായി മദ്യ വില്പന നടത്തുന്നതായി വിവരം ലഭിച്ചിരുന്നു. ഇയാളില്‍ നിന്നും രണ്ട് കുപ്പി ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യവും മദ്യം വില്‍പ്പന നടത്തിയതിന്റെ പണവും പിടികൂടി. പൂഴിത്തോട് ഭാഗങ്ങളില്‍ മദ്യ വില്‍പ്പന നടത്തുന്നതിനിടെയാണ് നാണുവിനെ പോലീസ് പിടികൂടിയത്.
പ്രതികളെ പേരാമ്പ്ര കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തു.