താമരശേരിയില്‍ വ്യാപാരിയെ തട്ടിക്കൊണ്ടുപോയ കേസ്; മൂന്ന് പേര്‍ അറസ്റ്റില്‍, പ്രതികള്‍ സ്വര്‍ണക്കടത്തുസംഘത്തില്‍പ്പെട്ടവര്‍


താമരശ്ശേരി: താമരശേരിയില്‍ വ്യാപാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്തുകേസിലെ പ്രതി ഉള്‍പ്പെടെയുള്ള മൂന്നുപേരെയാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. മൂന്ന് വാഹനങ്ങളും പിടിച്ചെടുത്തു. കേസിലെ മുഴുവന്‍ പ്രതികളെയും പോലീസ് തിരിച്ചറിഞ്ഞതായി അറിയിച്ചു.

സാമ്പത്തിക ഇടപാടിന്റെ പേരില്‍ ഒക്ടോബര്‍ 22നായിരുന്നു താമരശ്ശേരി തച്ചംപൊയില്‍ അവേലം സ്വദേശി അഷ്‌റഫിനെ തട്ടിക്കൊണ്ടുപോയത്. സംഭവത്തില്‍ താമരശ്ശേരി ഡി.വൈ.എസ്.പി അഷ്‌റഫ് തങ്ങളക്കണ്ടിയുള്‍പ്പെടെയുള്ള അന്വേഷണ സംഘമാണ് പ്രതികളെ അറസ്റ്റുചെയ്തത്.

സ്വര്‍ണക്കവര്‍ച്ചാ സംഘം പ്രതി കൊടിയത്തൂര്‍ എരണങ്കല്‍ അലി ഉബൈറിന്റെ സഹോദരനും ഇതേകേസിലെ പ്രതിയുമായ ഹബീബു റഹുമാന്‍ മറ്റൊരു സഹോദരന്‍ മുഹമ്മദ് നാസ് മലപ്പുറം രണ്ടത്താണി കല്ലുങ്കല്‍ മുഹമ്മദ് ജൗഹര്‍ എന്നിവരെയാണ് അറസ്റ്റുചെയ്തത്.

ജൗഹര്‍ വിദേശത്തേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും ഇന്നലെ അറസ്റ്റുചെയ്യുകയായിരുന്നു. സി.സി.ടി.വി പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് വാഹനങ്ങള്‍ പിടിച്ചെടുത്തത്. മലപ്പുറം ജില്ലയിലെ സ്വര്‍ണക്കടത്തുസംഘമാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്ന് വ്യക്തമായതായി പോലീസ് പറഞ്ഞു.

താമരശ്ശേരിക്കോടതിയില്‍ ഹാജരാക്കിയ പ്രതികളെ പതിനാറ് ദിവസത്തേക്ക് റിമാന്റ് ചെയ്തു.

summary: three of the gang that kidnapped the thamarassery businessman is in custody