നാദാപുരത്ത് പുഴയിൽ കുളിക്കുന്നതിനിടെ മൂന്ന് കുട്ടികൾ ഒഴുക്കിൽ പെട്ടു; സാഹസികമായി രക്ഷപ്പെടുത്തി യുവാവ്


നാദാപുരം: തെരുവംപറമ്പിൽ പുഴയിൽ ഒഴുക്കിൽ പെട്ട വിദ്യാർഥികൾക്ക് രക്ഷകനായി യുവാവ്. തെരുവംപറമ്പിലെ പുനത്തിക്കണ്ടി ഷംസീറാണ് ഒരുക്കിൽപ്പെട്ട കുട്ടികളെ സാഹസികമായി രക്ഷിച്ചത്.

പുഴയിൽ കുളിക്കാനെത്തിയ മൂന്ന് കുട്ടികളാണ് വൈകീട്ട് ഒഴുക്കിൽ പെട്ടത്. പുഴയുടെ താഴ് ഭാഗത്ത് നിന്ന് ചൂണ്ടയിടുകയായിരുന്ന ഷംസീർ അവസരോചിതമായി ഇടപെട്ട് മൂന്നു പേരെയും രക്ഷിക്കുകയായിരുന്നു.ഒഴുകി വരുന്ന കുട്ടികളെ കണ്ട ഷംസീർ പുഴയിലേക്ക് ചാടി മൂന്നുപേരെയും കരക്കെത്തിക്കുകയായിരുന്നു.

കല്ലിൽ സുരേഷിന്റെ രണ്ട് മക്കളും ചുണ്ടേൽ കുട്ടന്റെ മകനുമാണ് ഒഴുക്കിൽ പെട്ടത്. ഷംസീറിന്റെ അവസരോചിതമായ ഇടപെടലിലൂടെ ഒഴിവായത് വൻ ദുരന്തമാണ്.