മഴ ശക്തമായതോടെ നാദാപുരം മേഖലയിൽ പഴവർഗ ചെടികൾക്ക് പുഴുക്കളുടെ ഭീഷണി; ആശങ്കയിൽ കർഷർ


നാദാപുരം : മഴ ശക്തമായതോടെ പഴവർഗ ചെടികളിൽ പുഴുക്കളുടെ ഭീഷണി. കായകൾ വിരിഞ്ഞു തുടങ്ങുമ്പോൾത്തന്നെ ഇവയെ നശിപ്പിക്കുന്ന വിവിധ നിറത്തിലുള്ള പുഴുക്കൾ ചെടികളിൽ പ്രത്യക്ഷപ്പെടുകയാണ്. നാദാപുരം മേഖലയിൽ ഇവ വ്യാപകമായിരിക്കുകയാണ്.

വാണിമേലിൽ പുതുപ്പനാങ്കണ്ടി മൊയ്തീന്റെ കൃഷിയിടത്തിലെ റംബുട്ടാൻ ചെടികളിൽ പച്ച നിറമുള്ള പുഴുക്കളാണ് കായകൾ നശിപ്പിക്കുന്നത്. കറുത്ത നിറമുള്ള പുഴുക്കൾ ചെടികൾ മുഴുവാനായും നശിപ്പിക്കും. കറിവേപ്പില തൈകളിലും ഇത്തരം പുഴുക്കൾ പ്രത്യക്ഷപ്പെടാറുണ്ട്.

രാസപദാർഥങ്ങൾ ഉപയോഗിച്ചുള്ള കീടനാശിനികൾ ഇത്തരം പുഴുക്കളെ നശിപ്പിക്കാൻ ഉപയോഗിക്കരുതെന്ന് കൃഷി വിദഗ്ധർ പറയുന്നു. വേപ്പെണ്ണ സോപ്പ് ലായിനിയിൽ ചേർത്ത് ചെടികളിൽ തളിക്കുന്നത് നല്ലതാണ്. ഒരു ലീറ്റർ വെള്ളത്തിൽ 10 മില്ലി വീതം വേപ്പെണ്ണയും സോപ്പ് ലായിനിയും മതിയാകും. പുഴു ശല്യം നേരിയ തോതിലാണെങ്കിൽ മുട്ടത്തൊലി നന്നായി പൊടിച്ചു ചെടികളിൽ കു‍‍ടഞ്ഞു കൊടുക്കുന്നതും ഗുണം ചെയ്യും. രാസ കീടനാശിനികൾ ഉപയോഗിക്കുന്നത് ശാരീരിക അസ്വസ്ഥതകൾക്ക് അത് വഴിയൊരുക്കുമെന്നാണ് കൃഷി വിദഗ്ധരുടെ അഭിപ്രായം.