വാളൂര്‍ പുളീക്കണ്ടി മടപ്പുരയിലേക്ക് ജനപ്രവാഹം; പ്രധാന ഉത്സവം ഇന്നും നാളെയും


പേരാമ്പ്ര: പുളീക്കണ്ടി മടപ്പുര മുത്തപ്പന്‍ ക്ഷേത്രത്തിലെ തിരുവപ്പന മഹോത്സവത്തിന് വന്‍ ജനപ്രവാഹം. നാടിന്റെ ജനകീയ ഉത്സവത്തിന് വിവിധ ഭാഗങ്ങളില്‍ നിന്നാണ് ജനം ഒഴുകിയെത്തുന്നത്. ഇന്നും നാളെയുമാണ് പ്രധാന ഉത്സവം.

ഇന്ന് ഉച്ചക്ക് മൂന്ന് മണിക്ക് മുത്തപ്പനെ മലയിറക്കല്‍. 4.30 ന് ഇളനീര്‍ക്കുല വരവ്. (ക്ഷേത്രം വക, മരുതേരി, നടുക്കണ്ടിപ്പാറ, കുറ്റിവയല്‍, രണ്ടാം വാര്‍ഡ്) എന്നീ ഭാഗങ്ങളില്‍ നിന്നാണ് ഇളനീര്‍ക്കുല വരവ്. ഫ്യൂഷന്‍, പൂക്കാവടി, കഥകളി നൃത്തം തുടങ്ങിയവ ഉള്‍പ്പെടുന്ന വര്‍ണാഭമായ താലപ്പൊലി ദീപാരാധന വൈകിട്ട് ആറ് മണിക്ക് മരുതേരി കനാല്‍ പാലത്തില്‍ നിന്നാരംഭിക്കും. 5.30ന് മുത്തപ്പന്‍ വെള്ളാട്ടം. രാത്രി എട്ട് മുതല്‍ പുലര്‍ച്ചെ വരെ വിവിധ തിറകള്‍. (ഭഗവതി, കുട്ടിച്ചാത്തന്‍, ഗുരു, ഗുളികന്‍). നാളെ (വ്യാഴം) കാലത്ത് 5.30ന് തിരുവപ്പന. ഉച്ചക്ക് ഒരു മണി വരെ ഭക്തര്‍ക്ക് ദര്‍ശനം നല്‍കും.

കഴിഞ്ഞ ദിവസങ്ങളില്‍ ഗാനമേള, നാടകം, ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസ്സ്, കാര്‍ഷിക സെമിനാര്‍, വിദ്യാര്‍ത്ഥി ശില്‍പ്പശാല, പ്രാദേശിക കലാകാരന്മാരുടെ പരിപാടികള്‍, ആധ്യാത്മിക പ്രഭാഷണം തുടങ്ങിയവക്ക് വലിയ ജനപങ്കാളിത്തമാണ് അനുഭവപ്പെട്ടത്.