തിരുവങ്ങൂര്‍ ഹൈസ്‌കൂളിലെ അധ്യാപികയുടെ നൃത്തവും മേപ്പയ്യൂരിലെ അധ്യാപകന്റെ മാജിക് ഷോയും; കലോത്സവ വേദിയില്‍ ആസ്വാദകരുടെ കയ്യടി നേടി അധ്യാപകരും
കോഴിക്കോട്: അറുപത്തി ഒന്നാം സംസ്ഥാന കലോത്സവത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം വേദിയില്‍ പരിപാടി അവതരിപ്പിക്കാന്‍ കഴിഞ്ഞ സന്തോഷത്തിലാണ് അധ്യാപകര്‍. കലോത്സവത്തിന്റെ സാംസ്‌കാരിക വേദിയിലാണ് കോഴിക്കോട് ജില്ലയിലെ ക്രിയേറ്റീവ് അധ്യാപക കൂട്ടായ്മയായ ആക്ടിന്റെ നേതൃത്വത്തില്‍ വിവിധ ദിവസങ്ങളിലായി വൈവിധ്യമാര്‍ന്ന പരിപാടികള്‍ അവതരിപ്പിച്ചത്.
സാംസ്‌കാരിക വേദിയില്‍ ആദ്യദിനത്തില്‍ ജില്ലയിലെ സംഗീത അധ്യാപകര്‍ സ്വാഗതഗാനം ആലപിച്ചപ്പോള്‍ വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി, പൊതുമരാമത്തു മന്ത്രി മുഹമ്മദ് റിയാസ്, സാഹിത്യകാരന്‍ എം.മുകുന്ദന്‍ എന്നിവര്‍ ശ്രോതാക്കളായി മുന്‍നിരയില്‍ ഉണ്ടായിരുന്നു.
മേപ്പയൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ അധ്യാപകനായ ശ്രീജിത് വിയ്യൂര്‍ മാജിക് റെയിന്‍ബൊ അവതരിപ്പിച്ചപ്പോള്‍ തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന്‍, ബാലുശ്ശേരി എം.എല്‍.എ സച്ചിന്‍ദേവ് തുടങ്ങിയവര്‍ കാണികള്‍ക്കിടയിലുണ്ടായിരുന്നു.
തിരുവങ്ങൂര്‍ ഹൈസ്‌കൂള്‍ അധ്യാപിക അനുപമ, എരവട്ടൂര്‍ എ.എം.എല്‍.പി.സ്‌കൂള്‍ അധ്യാപകന്‍ അരുണ്‍ എന്നിവര്‍ അവതരിപ്പിച്ച നൃത്താവിഷ്‌കാരങ്ങളും കൊയിലാണ്ടി ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ അധ്യാപകന്‍ ഭാസ്‌കരന്‍ മാസ്റ്റര്‍ അവതരിപ്പിച്ച വെന്‍ട്രിലോക്കിസവും ആസ്വാദകരുടെ പ്രശംസ നേടി.
കോഴിക്കോട് ജില്ലയിലെ സംഗീത അധ്യാപകരുടെ സ്മൃതി മധുരം കടല്‍ക്കരയില്‍ ഒഴുകിപ്പരന്നപ്പോള്‍ വന്‍ ജനാവലിയാണ് കോഴിക്കോട് ബീച്ചിലെ സാംസ്‌കാരിക വേദിയിലേക്ക് ഒഴുകിയെത്തിയത്. ആക്ട് ജില്ലാ കോര്‍ഡിനേറ്റര്‍ എം.ജി.ബല്‍രാജ്, സുനില്‍ തിരുവങ്ങൂര്‍ എന്നിവരാണ് പരിപാടികള്‍ ഏകോപിപ്പിച്ചത്.