പേരാമ്പ്ര എരവട്ടൂരിൽ ക്ഷേത്ര ഭണ്ഡാരം കുത്തിതുറന്ന് പണം മോഷ്ടിച്ച കേസ്; തിരുവള്ളൂർ സ്വദേശി അറസ്റ്റിൽ, പ്രതി പിടിയിലായത് വടകരയിൽ നിന്ന്
പേരാമ്പ്ര: എരവട്ടൂർ ചേനായി റോഡിലെ ആയടക്കണ്ടി ക്ഷേത്രത്തിലെ ഭണ്ഡാരം കുത്തിത്തുറന്ന് പണം മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ. തിരുവള്ളൂർ വെള്ളൂക്കര റോഡിൽ മേലാംകണ്ടി മീത്തൽ ” നൈറ്റി ” എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന അബ്ദുള്ള (29) ആണ് അറസ്റ്റിലായത്. പ്രതി വടകരയിലുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് കോഴിക്കോട് റൂറൽ എസ്പി നിധിൻ രാജിൻ്റെ കീഴിലുള്ള സ്ക്വാഡ് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലാകുന്നത്.
സിസിടിവി ദൃശ്യത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ പേരാമ്പ്ര പോലിസ് തിരിച്ചറിഞ്ഞത്. പ്രതിക്ക് വിവിധ സ്റ്റേഷനുകളിലായി നിരവധി കളവു കേസുകളും ക്രിമിനൽ കേസുകളും ഉണ്ടെന്ന് പോലീസ് പറഞ്ഞു. നവംബർ 18നാണ് സംഭവം. രാത്രി 1.19ഓടെ മോഷണം ആരംഭിച്ച ഇയാൾ ഒരു മണിക്കൂർ സമയം ചെലവഴിച്ച് ഭണ്ഡാരത്തിലെ മുഴുവൻ പണവും എടുത്ത് കടന്നുകളയുകയായിരുന്നു.
പാന്റും അതിന് മുകളിൽ മുണ്ടും ഷർട്ടും അതിന് മുകളിൽ ചുരിദാർ ടോപ്പുപോലുള്ള വസ്ത്രവും ധരിച്ച് മുഖം പ്ലാസ്റ്റിക് കവറുകൊണ്ട് പൊതിഞ്ഞായിരുന്നു അബ്ദുള്ള മോഷ്ണത്തിനെത്തിയത്. സമീപത്തെ വീട്ടിൽ നിന്നും മോഷ്ടിച്ച കമ്പിപ്പാരയും നിലംകുഴിക്കുന്ന പാരയുംകൊണ്ടാണ് ഭണ്ഡാരംതകർത്തത്. ഇത് സംഭവസ്ഥലത്ത് ഉപേക്ഷിച്ചാണ് മോഷ്ടാവ് കടന്നുകളഞ്ഞത്.
എസ്ഐമാരായ ഷമീർ, മനോജ് രാമത്ത്, എഎസ്ഐമാരായ ബിനീഷ് വിസി, ഷാജി വിവി, സിപിഒ അഖിലേഷ് എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.
Description: Case of breaking open temple treasury and stealing money in Perampra Eravattur; Thiruvallur resident arrested