വടകര നഗരത്തിൽ മോഷ്ടാക്കൾ വിലസുന്നു; രാത്രിയായി കഴിഞ്ഞാൽ മാർക്കറ്റ് റോഡ് ഉൾപ്പടെ എല്ലായിടത്തും ഇരുട്ട്, നൈറ്റ് പട്രോളിംങും കാര്യക്ഷമമല്ല
വടകര: മോഷ്ടാക്കൾ വടകരയിൽ വിലസുകയാണെന്ന് നഗരത്തിലെ വ്യാപാരികൾ പറയുന്നു. രാത്രിയായി കഴിഞ്ഞാൽ മാർക്കറ്റ് റോഡ് ഉൾപ്പടെ എല്ലായിടത്തും ഇരുട്ടാണ്. തെരുവ് വിളക്കുകൾ പലയിടത്തും പേരിന് മാത്രമാണുള്ളത്. പോലിസിന്റെ നൈറ്റ് പട്രോളിംങും കാര്യക്ഷമമല്ലെന്ന് വ്യാപാരികൾ ആരോപിക്കുന്നു. ഇതെല്ലാം വടകരയിൽ മോഷ്ടാക്കൾ വിലസുന്നതിന് കാരണമാകുകയാണ്.
രണ്ട് വർഷത്തനിടെ നഗരത്തിലെ വ്യാപാര സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് ആറോളം മോഷണങ്ങൾ നടന്നിട്ടുണ്ട്. ചില മോഷ്ടാക്കൾ സിസിടിവി ദൃശ്യത്തിൽ കുടുങ്ങിയിട്ടും പോലിസിന് ആ പ്രതികളെ പിടികൂടാൻ കഴിഞ്ഞില്ലെന്ന് വ്യാപാരികൾ വടകര ഡോട് ന്യൂസിനോട് പറഞ്ഞു. രണ്ട് വർഷം മുൻപ് മാർക്കറ്റ് റോഡിലെ കടയിൽ വ്യാപാരി രാജൻ കൊല്ലപ്പെട്ടിട്ടും നഗരത്തിൽ രാത്രികാല പോലിസ് പട്രോളിംങ് ശക്തമാക്കിയിട്ടില്ല.
വ്യാപാരികൾ നിരവധി തവണ നഗരത്തിലെ തെരുവ് വിളക്കുകൾ പുന:സ്ഥാപിക്കുന്നത് സംബന്ധിച്ച് മുൻസിപ്പാലിറ്റിയിൽ പറഞ്ഞിട്ടും നടപടിയായില്ലെന്ന് വ്യാപാരി സലാം വടകര ഡോട് ന്യൂസിനോട് പറഞ്ഞു. നഗരത്തിൽ മോഷണം വ്യാപകമാകുന്ന പശ്ചാത്തലത്തിൽ എത്രയും പെട്ടെന്ന് നഗരത്തിലെ തെരുവ് വിളക്കുകൾ പ്രകാശിപ്പിക്കണമെന്നും പോലിസിന്റെ നൈറ്റ് പട്രോളിംഗ് കാര്യക്ഷമമാക്കണമെന്നും അദ്ദേഹം പറയുന്നു.