‘ഒച്ചകേട്ട് ഓടിയെത്തിയപ്പോൾ കാണുന്നത് വിദ്യാർത്ഥികൾ വെള്ളത്തിൽ മുങ്ങിത്താഴ്ന്നത്, കുളത്തിലേക്കെടുത്ത് ചാടി അവരെ രക്ഷിച്ചു’; പേരാമ്പ്ര കെെതക്കൽ സ്വദേശികളുടെ ഇടപെടലിൽ രണ്ടുപേർ തിരികെ ജീവിതത്തിലേക്ക്


പേരാമ്പ്ര: കുളത്തിൽ മുങ്ങിത്താഴ്ന്ന വിദ്യാർത്ഥികളെ സമയോചിതമായി ഇടപെട്ട് രക്ഷപ്പെടുത്തി യുവാക്കൾ. വിപിന്‍ ശശികല, വിശ്വാസ് ശശികല, വിഷ്ണു പുളിക്കൂല്‍ എന്നിവരാണ് വെള്ളത്തിൽ മുങ്ങിപ്പോയ വിദ്യാർത്ഥികളെ രക്ഷിച്ച് തിരികെ ജീവിതത്തിലേക്ക് കൊണ്ടുവന്നത്. ഇന്നലെ രാവിലെ നൊച്ചാട് പഞ്ചായത്ത് കുളത്തിലാണ് അപകടം നടന്നത്.

നീന്തൽ പഠിക്കാനായി എത്തിയതായിരുന്നു ചേനോളി കളോളിപൊയിലില്‍ സ്വദേശികളായ മൂന്ന് പേർ. രണ്ട് പേർ വെള്ളത്തിലിറങ്ങി. മൂന്നാമത്തെയാൾ കരയിലുമായിരുന്നു. വെള്ളത്തിൽ നീന്തൽ പഠിക്കുന്നതിനിടിയിൽ ഇരുവരും മുങ്ങിപ്പോവുകയായിരുന്നു. മൂന്നാമത്തെ ആൾ ഒച്ചവച്ചതിനെ തുടർന്ന് സമീപത്തെ വീട്ടിലുള്ള വിപിനും വിശ്വാസും വിഷ്ണുവും കുളക്കരയിലേക്ക് ഓടിയെത്തുകയായിരുന്നു.

അപകടം മനസിലാക്കിയ വിപിനും വിശ്വാസും വെള്ളത്തിലേക്ക് എടുത്ത് ചാടി ഇരുവരെയും കരയിലെത്തിക്കുകയായിരുന്നു. രക്ഷാപ്രവര്‍ത്തനത്തിന് കൈത്താങ്ങായി വിഷ്ണുവും ഇവരോടൊപ്പം തന്നെ ഉണ്ടായിരുന്നു. നാട്ടുകാരുടെ സഹായത്തോടെ ഇവരെ ഉടനെ പേരാമ്പ്രയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

നിലവിളികേട്ടാണ് കുളത്തിനടുത്തേക്ക് ഓടിയെത്തിയത്. ഞങ്ങളെത്തുമ്പോഴേക്കും രണ്ടു പേരും വെള്ളത്തിനടിയിലേക്ക് താഴ്ന്ന് പോയിരുന്നു. മറിച്ചൊന്നും ആലോചിക്കാതെ സഹോദരനൊപ്പം വെള്ളത്തിലേക്ക് എടുത്തുചാടുകയായിരുന്നെന്ന് വിശ്വാസ് പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. ഇരുവരെയും എത്രയുപെട്ടന്ന് രക്ഷിക്കണമെന്ന ചിന്തയായിരുന്നു അപ്പോൾ മനസിലുണ്ടായിരുന്നതെന്ന് വിശ്വാസ് പറഞ്ഞു. വിദ്യാർത്ഥികളുടെ ജീവൻ രക്ഷിച്ച യുവാക്കളെ നാട്ടുകാരും സംഘടനകളും അനുമോദിച്ചു.

Summary: they saw the students drowning in the water, they jumped into the pool and saved them’; Two people came back to life with the intervention of Perampra Ketakal natives