നല്ല മഴയും ഗതാഗത തടസ്സവും വില്ലനായെത്തി, പരീക്ഷ ഹാളിലെത്താനാകാതെ പകച്ചുനിന്ന നിമിഷം, ഒരു ഫോൺകോളിനപ്പുറും സഹായവുമായി പിങ്ക് പോലീസ് എത്തി; സാധിക്കില്ലെന്ന് കരുതിയ പരീക്ഷ എഴുതാൻ കഴിഞ്ഞതിൻ്റെ സന്തോഷത്തിൽ വടകരയിലെ ഈ ഉദ്യോഗാർത്ഥികൾ
വടകര: സാധിക്കില്ലെന്ന് കരുതിയ പരീക്ഷ എഴുതാനായതിൻ്റെ സന്തോഷത്തിലാണ് വടകരയിലെ മൂന്ന് ഉദ്യോഗാർത്ഥികൾ. കനത്ത മഴയും ഗതാഗത തടസ്സവും വില്ലനായപ്പോൾ പിങ്ക് പോലീസിൻ്റ സഹായത്തോടെയാണ് കൃത്യസമയത്ത് പരീക്ഷ സെൻ്ററിൽ എത്താൻ ഇവർക്ക് കഴിഞ്ഞത്.
തിങ്കളാഴ്ച വൈകീട്ട് നാലു മണിക്കായിരുന്നു പരീക്ഷ. രാവിലെ 11.15 ഓടെ തന്നെ മൂന്ന് വിദ്യാർഥികളും വടകരയിൽ നിന്ന് കെ.എസ്.ആർ.ടി.സി. ബസിൽ പരീക്ഷയ്ക്ക് പുറപ്പെട്ടു. ഉച്ചയ്ക്ക് 2.30 ആയിട്ടും പയ്യോളിയിലെ സ്ഥിരം ബ്ലോക്കിൽത്തന്നെ. എന്തു ചെയ്യുമെന്നറിയാതെ വടകര മുടപ്പിലാവിൽ സ്വദേശികളായ ദാന അഷ്റഫ്, അഞ്ജന ഭാസ്കരൻ, അർച്ചന അശോക് എന്നീ കുട്ടികൾ വീട്ടിലേക്കു വിളിച്ച് കാര്യം പറഞ്ഞു.
ദാനയുടെ ഉമ്മയാണ് പോലീസിൽ വിളിച്ചുനോക്കാൻ നിർദേശിച്ചത്. ഉടനെ ‘100’-ൽ വിളിച്ചു. ഫോൺ കിട്ടിയത് തിരുവനന്തപുരത്താണെങ്കിലും കാര്യം പറഞ്ഞപ്പോൾ പ്രശ്നമാക്കേണ്ട സഹായിക്കാമെന്ന് ഉറപ്പുനൽകി. പ്രതീക്ഷ നഷ്ടപ്പെട്ടവർക്ക് പ്രതീക്ഷയായി അവരുടെ വാക്കുകൾ. പിന്നീട് ഇടവേളകളില്ലാതെ പോലീസ് ബന്ധപ്പെട്ടുകൊണ്ടിരുന്നു. കെ.എസ്.ആർ.ടി.സി. സ്റ്റാൻഡിലേക്ക് എത്തിയാൽ മതിയെന്നും പുറത്ത് പിങ്ക് പോലീസ് ഉണ്ടെന്നും അവസാനം വിളിച്ച പോലീസുകാരൻ പറഞ്ഞു.
സ്റ്റാൻഡിലെത്തിയത് 3.40- ഓടെയായിരുന്നു. ബസിൽനിന്നിറങ്ങി പുറത്തേക്ക് ഓടിയപ്പോൾ പറഞ്ഞപോലെത്തന്നെ പിങ്ക് പോലീസിന്റെ വാഹനം കാത്തുനിൽക്കുന്നുണ്ടായിരുന്നു. വാഹനത്തിൽ കയറിയ ഉടനെ സൈറനും ഹോണുമടിച്ച് പിങ്ക് പോലീസുകാരായ എസ്.സി.പി.ഒ ഡാനി, സി.പി.ഒ രമ്യ എന്നിവർ വിദ്യാർഥികളുമായി കുതിച്ചു. 20 മിനിട്ടു കൊണ്ട് രാമനാട്ടുകരയിൽ എന്നി.
നല്ല മഴയും ബ്ലോക്കിനുമിടയിൽ കുട്ടികളെ കൃത്യസമയത്ത് രാമനാട്ടുകരയിലെ ഓൺലൈൻ സെന്ററിൽ എത്തിക്കാൻ കഴിഞ്ഞതിൻ്റെ സന്തോഷത്തിലാണ് പിങ്ക് പോലീസും.