കല്ലാച്ചി പോസ്റ്റ് ഓഫീസില്‍ മോഷണ ശ്രമം; കള്ളന്‍ അകത്ത് കയറിയത് മുന്‍വശത്തെ വാതിലിന്റെ പൂട്ട് തകര്‍ത്ത്


കല്ലാച്ചി: ടൗണിലെ പോസ്റ്റ് ഓഫീസില്‍ മോഷണ ശ്രമം. ചൊവ്വാഴ്ച രാവിലെ ജീവനക്കാര്‍ ഓഫീസ് തുറക്കാനെത്തിയപ്പോഴാണ് മോഷണ വിവരം പുറത്തറിയുന്നത്. മുന്‍വശത്തെ വാതിലിന്റെ പൂട്ട് തകര്‍ത്താണ് കള്ളന്‍ അകത്ത് കയറിയത്.

ജീവനക്കാര്‍ അറിയിച്ചതിനെ തുടര്‍ന്ന് നാദാപുരം പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. പരിശോധനയില്‍ തകര്‍ത്ത വാതിലിന്റെ പൂട്ടും ഇരുമ്പ് ദണ്ഡും പോലീസ് കണ്ടെടുത്തു. നാദാപുരം എസ്.ഐ എം നൗഷാദിന്റെ നേതൃത്വത്തില്‍ പോലീസും കെ 9 സ്‌ക്വാഡുമാണ് സ്ഥലം പരിശോധിച്ചത്.

രണ്ട് ദിവസം മുമ്പ് നാദാപുരം ബസ് സ്റ്റാന്റ് പരിസരത്തെ സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്ന് 50,000രൂപയും സാധനങ്ങളും മോഷണം പോയിരുന്നു. ഈ സംഭവത്തില്‍ അന്വേഷണം നടന്നു വരുന്നതിനിടെയാണ് പോസ്റ്റ് ഓഫീസിലും മോഷണം നടന്നിരിക്കുന്നത്.