വിലങ്ങാട് അടക്ക മോഷണം; ആയഞ്ചേരി സ്വദേശി അടക്കം രണ്ടുപേര്‍ പിടിയില്‍


നാദാപുരം: വിലങ്ങാട് അടക്ക ഉരിക്കുന്ന കേന്ദ്രത്തില്‍ നിന്ന് അടക്ക മോഷണം പോയ സംഭവത്തില്‍ രണ്ടു പേര്‍ പോലീസ് പിടിയില്‍. കല്ലുനിര താനിക്കുഴിയില്‍ ടി.കെ ശ്രീജിത്ത്(37), ആയഞ്ചേരി മുത്താച്ചി കണ്ടിയില്‍ പി.രജീഷ് (36) എന്നിവരെയാണ് വളയം പോലീസ് അറസ്റ്റ് ചെയ്തത്.

വെള്ളിയാഴ്ച രാത്രിയാണ് പുതിയാമറ്റത്തില്‍ ബിബിന്റെ വീടിനോട് ചേര്‍ന്നുള്ള അടക്ക കേന്ദ്രത്തില്‍ നിന്നും പൊളിച്ച് ചാക്കില്‍ സൂക്ഷിച്ച അടക്ക മോഷണം പോയത്. ഏതാണ്ട് മുപ്പതിനായിരം രൂപയുടെ അടക്കയായിരുന്നു മോഷണം പോയത്.

ശനിയാഴ്ച രാവിലെയാണ് വീട്ടുകാര്‍ മോഷണവിവരം അറിയുന്നത്. കെട്ടിടത്തിന്റെ പിന്‍വശത്തെ ജനല്‍ ഇളക്കിമാറ്റിയായിരുന്നു പ്രതികള്‍ കവര്‍ച്ച നടത്തിയത്.