നാദാപുരം കോടതിയിലെ മോഷണം; ‘തൊണ്ടിമുതലായ’ വ്യാജസ്വർണം ‘പണയം’ വച്ചു; പ്രതി പിടിയില്‍


നാദാപുരം: നാദാപുരം കോടതിയില്‍ തൊണ്ടിമുതലായി സൂക്ഷിച്ചിരുന്ന വ്യാജ സ്വര്‍ണഉരുപ്പടികള്‍ മോഷ്ടിച്ച് ബാങ്കില്‍ പണയപ്പെടുത്തി പണം തട്ടിയ പ്രതി പിടിയില്‍. ചൊക്ലിയില്‍ താമസിക്കുന്ന കുണ്ടുതോട് വട്ടിപ്പാറ സ്വദേശി നാലൊന്ന് കാട്ടില്‍ സനീഷ് ജോര്‍ജ്ജാണ് (44) പിടിയിലായത്.

കഴിഞ്ഞ ഏപ്രില്‍ 17നാണ് നാദാപുരം കല്ലാച്ചി ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതിയുടെ സ്‌ട്രോങ് റൂമില്‍ മോഷണം നടന്നത്. നാദാപുരം, വളയം പോലീസ് സ്‌റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത മോഷണക്കേസുകളില്‍ പിടികൂടിയ വ്യാജ സ്വര്‍ണമാണ് സനീഷ് മോഷ്ടിച്ചത്. തുടര്‍ന്ന് മാഹിയിലെ ദേശസാല്‍കൃത ബാങ്കില്‍ സ്വര്‍ണം പണയപ്പെടുത്തി 1,86,000 രൂപ തട്ടിയെടുക്കുകയായിരുന്നു.

ഈ കേസില്‍ അന്വേഷണം നടക്കുന്നതിനിടെയാണ് കാസര്‍കോട് വിദ്യാനഗര്‍ പോലീസ് വിവിധ മോഷണക്കേസുകളില്‍ സനീഷിനെ പിടികൂടിയത്. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിനിടെയാണ് നാദാപുരത്തെ കോടതിയിലും പോസ്റ്റ് ഓഫീസിലും മോഷണം നടത്തിയത് ഇയാളാണെന്ന് തെളിഞ്ഞത്. പിന്നാലെ നാദാപുരം പോലീസ് സനീഷിനെ കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് നടത്തി.

കോടതിയില്‍ നിന്നും കവര്‍ന്ന 40ഗ്രാമിലേറെ സ്വര്‍ണ ഉരുപ്പടികള്‍ മാഹിയിലെ ബാങ്കില്‍ പണം വച്ചതായി ഇയാള്‍ മൊഴി നല്‍കിയിട്ടുണ്ട്. ഇവ ബാങ്കില്‍ നിന്നും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവ ഇന്ന് കോടതിയില്‍ ഹാജരാക്കും. കാസര്‍കോട് ജില്ലയില്‍ മാത്രം ഇരുപതിലേറെ മോഷണക്കേസുകളില്‍ പ്രതിയാണ് പിടിയിലായ സനീഷ്.

മോഷ്ടാക്കളായ നാദാപുരം മാക്കൂല്‍ റയീസ്, വാണിമേല്‍ സ്വദേശി ഇസ്മയില്‍ എന്നിവരാണ് നാദാപുരത്തെ സഹകരണ ബാങ്കുകളില്‍ നേരത്തെ വ്യാജ സ്വര്‍ണം പണയപ്പെടുത്തിയത്. തുടര്‍ന്ന് ഈ പണയ ഉരുപ്പടികള്‍ വിവിധ ബാങ്കുകളില്‍ നിന്നും കസ്റ്റഡിയിലെടുത്ത് പോലീസ് കോടതിയിലേക്ക് കൈമാറുകയായിരുന്നു. ഇതാണ് സ്വര്‍ണമാണെന്ന് കരുതി സനീഷ് മോഷ്ടിച്ചത്.

Description: Theft at Nadapuram Court; 'Pawn' fake gold was 'pawned'; Accused in custody