പേരാമ്പ്ര ബൈപ്പാസ്; ചിരുതക്കുന്ന് ഭാഗത്തെ പ്രവൃത്തികള്‍ തുടങ്ങി, ഉയരംകുറച്ച് പാതയൊരുക്കലാണ് നടക്കുന്നത്


പേരാമ്പ്ര: പേരാമ്പ്ര ബൈപ്പാസ് നിര്‍മ്മാണത്തിന്റെ ഭാഗമായി ചിരുതകുന്നുമ്മല്‍ ഭാഗത്തെ പ്രവൃത്തികള്‍ പുരോഗമിക്കുന്നു. നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ ലക്ഷ്യമിട്ട് നടപ്പാക്കുന്ന പേരാമ്പ്ര ബൈപ്പാസിന്റെ നിര്‍മാണത്തിന്റെ ഭാഗമായാണ് പ്രവൃത്തി നടക്കുന്നത്. ചിരുതക്കുന്ന് വെള്ളിയോടന്‍കണ്ടി റോഡിന് കുറുകെയാണ് പാത കടന്നുപോകുന്നത്. ബൈപ്പാസില്‍ ഏറ്റവും ഉയരംകൂടിയ കയറ്റമുള്ള ഭാഗമാണിത്. ഇവിടെ ഉയരംകുറച്ച് പാതയൊരുക്കുന്ന പ്രവൃത്തികളായിരുന്നു ബാക്കിയുണ്ടായിരുന്നത്. തുടര്‍ച്ചയായുള്ള മഴ കാരണം ചിരുതക്കുന്ന് ഭാഗത്തെ ജോലി വൈകുകയായിരുന്നു.

തിരുവോത്ത്താഴ പാടത്തിന് നടുവിലൂടെ പാത കടന്നു പോകുന്നഭാഗത്ത് അടിത്തറ കോണ്‍ക്രീറ്റ് ചെയ്ത് വശങ്ങളില്‍ കോണ്‍ക്രീറ്റ് ഭിത്തി നിര്‍മിച്ച് മണ്ണ് നിറയ്ക്കുന്ന ജോലികളാണ് ഇപ്പോള്‍ നടക്കുന്നത്. മണ്ണിനടിയില്‍ നല്ല വെള്ളത്തിന്റെ ഉറവയുള്ള ഭാഗമായതിനാലാണ് അടിത്തറ കോണ്‍ക്രീറ്റ് ചെയ്യുന്നത്.

കക്കാട് മുതല്‍ ചിരുതക്കുന്നിനുസമീപംവരെയും കല്ലോട് എല്‍.ഐ.സി.ക്ക് സമീപംമുതല്‍ തിരുവോത്ത് താഴ വരെയും പാതയൊരുക്കിക്കഴിഞ്ഞിട്ടുണ്ട്. ഇവിടെ അവസാനഘട്ട ടാറിങ് മാത്രമാണ് ഇനി നടക്കാനുള്ളത്. സംസ്ഥാനപാതയില്‍ കല്ലോട് എല്‍.ഐ.സി. ഓഫീസിന് സമീപത്തുനിന്ന് തുടങ്ങി കക്കാട് എത്തിച്ചേരുന്ന വിധമാണ് ബൈപ്പാസിന്റെ നിര്‍മാണം.

59.44 കോടിയുടെ പദ്ധതിക്കാണ് ഭരണാനുമതി ലഭിച്ചത്. റോഡ് നിര്‍മാണം മാത്രം 19.69 കോടിവരും. 12 മീറ്റര്‍ വീതിയില്‍ 2.768 കിലോമീറ്റര്‍ ദൂരത്തിലാണ് ബൈപ്പാസ് വരുന്നത്.

ബി.എം.ബി.സി. നിലവാരത്തില്‍ ടാറിങ് നടത്തുന്ന റോഡിന് മാത്രം ഏഴുമീറ്റര്‍ വീതിവരും. കേരള റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പ്പറേഷനാണ് നിര്‍മാണചുമതല. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയാണ് കരാറെടുത്തത്.

summary: the work on the Chiruthakunnummal section of the perambra bypass started