കളവുകേസില്‍ ജയിലില്‍ പോകും, ജയിലില്‍ പരിചയപ്പെടുന്ന മറ്റു പ്രതികളുമായി ചേര്‍ന്ന് വീണ്ടും മോഷണം നടത്തും; പൊലീസിനെ വെട്ടിച്ച് കൈവിലങ്ങുമായി രക്ഷപ്പെട്ട മോഷ്ടാവ് കോഴിക്കോട് പിടിയില്‍
കോഴിക്കോട്: പൊലീസ് കസ്റ്റഡിയില്‍ തെളിവെടുപ്പിനിടെ ആലപ്പുഴയില്‍നിന്ന് രക്ഷപ്പെട്ട അന്തര്‍ ജില്ല മോഷ്ടാവ് കോഴിക്കോട്ട് പിടിയില്‍. തൃശൂര്‍ വാടാനപ്പള്ളി സ്വദേശി തിണ്ടിക്കല്‍ ബാദുഷയെയാണ് കോഴിക്കോട് സിറ്റി ക്രൈം സ്‌ക്വഡ് പിടികൂടിയത്.
ഫോണ്‍ ലൊക്കേഷന്‍ നോക്കിയാണ് പ്രതിയെ പൊലീസ് കുടുക്കിയത്. തൃശ്ശൂര്‍ മതിലകം പൊലീസ് രജിസ്റ്റര്‍ചെയ്ത കളവുകേസില്‍ തെളിവെടുപ്പിനായി സെപ്റ്റംബര്‍ 20ന് ആലപ്പുഴലെത്തിച്ചപ്പോഴാണ് രക്ഷപ്പെട്ടത്. ഇയാള്‍ മോഷ്ടിച്ച സാധനങ്ങള്‍ കടത്തിക്കൊണ്ടുപോകാന്‍ ഉപയോഗിച്ച പിക്കപ്പ് വാന്‍ കായംകുളത്ത് കണ്ടെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് തെളിവെടുപ്പിനായി കായംകുളത്ത് കൊണ്ടുപോകുംവഴി കളര്‍കോട് ഭക്ഷണം കഴിക്കാനായി ഇറങ്ങിപ്പോഴാണ് ഇയാള്‍ പൊലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടത്.
കളവു കേസുകളില്‍ ജയിലില്‍ കഴിയുമ്പോള്‍ പരിചയപ്പെടുന്ന മറ്റു കളവുകേസ് പ്രതികളുടെ സഹായത്തോടെ വിവിധ ജില്ലകളില്‍ മോഷണം നടത്തലാണ് ഇയാളുടെ രീതിയെന്ന് പൊലീസ് പറഞ്ഞു. പൊലീസ് കസ്റ്റഡിയില്‍നിന്ന് രക്ഷപ്പെട്ട ഇയാള്‍ മറ്റു ജില്ലകളില്‍ എത്തി വീണ്ടും കളവു നടത്താന്‍ സാധ്യതയുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പിടിയിലായത്.
ക്രൈം സ്‌ക്വാഡ് അംഗങ്ങളായ ഹാദില്‍ കുന്നുമ്മല്‍, രാജേഷ് ചൈതന്യ, ഷാഫി പറമ്ബത്ത്, പ്രശാന്ത്കുമാര്‍, ഷഹീര്‍ പെരുമണ്ണ എന്നിവര്‍ പൂവാട്ടുപറമ്ബില്‍നിന്ന് ബസ് യാത്രക്കിടയിലാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ മതിലകം പൊലീസിന് കൈമാറും.