വടകര ഉപജില്ലാ കലോത്സവം; കാണികളിൽ ആവേശമുണർത്തി സ്റ്റേജ് മത്സരങ്ങൾക്ക് തുടക്കമായി, ഔപചാരിക ഉദ്​ഘാടനം നടന്നു


വടകര: കടത്തനാടിൻ്റെ കൗമാര കലാമാമാങ്കത്തിന് അരങ്ങുണർന്നു. ഉപജില്ലാ കലോതസവത്തിന്റെ ഔപചാരിക ഉദ്​ഘാടനം ബിഇഎം ഹയർസെക്കൻഡറി സ്കൂളിൽ നഗരസഭ വൈസ് ചെയർമാൻ പി കെ സതീശൻ ഉദ്ഘാടനം നിർവ്വഹിച്ചു. ഇന്ന് മുതൽ ശനി വരെയുള്ള ദിവസങ്ങളിൽ ഒമ്പതു വേദികളിലായി 5000 ത്തോളം വിദ്യാർഥികൾ വിവിധ മത്സരങ്ങളിൽ മാറ്റുരക്കും. ഇന്നലെ രചനാ മത്സരങ്ങൾ പൂർത്തിയായി. പ്രശ്നോത്തരിയും നടന്നു.

എൽപി, യുപി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗത്തിൽ 300 ഇനങ്ങളിലായാണ് മത്സരം. അഞ്ച് ഗോത്രകലകൾ ഇത്തവണത്തെ സ്കൂൾ കലോത്സവത്തിൽ സർക്കാർ നേരത്തെ ഉൾപ്പെടുത്തിയിരുന്നു. ഇതിൽ മംഗലംകളി, പണിയ നൃത്തം, മലയപ്പുലയ ആട്ടം എന്നീ മൂന്ന് ഇനങ്ങളിലും വടകര ഉപജില്ലാ കലോത്സവത്തിൽ മത്സരം നടക്കുന്നുണ്ട്.

ഉദ്ഘാടന ചടങ്ങിൽ കൗൺസിലർ പ്രേമകുമാരി അധ്യക്ഷയായി. റിയാലിറ്റി ഷോ ഫെയിം ശ്രേയ രമേശ് മുഖ്യാതിഥിയായി. നഗര സഭ സ്ഥിരം സമിതി അധ്യക്ഷ സിന്ധു പ്രേമൻ, കൗൺസിലർ വി കെ അസീസ്, എഇഒ വി കെ സുനിൽ, ബിപിസി വി വി വിനോദ്, ഹരീന്ദ്രൻ കരിമ്പനപ്പാലം, റൊണാൾഡ് വിൻസൻ്റ്, കെ കെ മനോജ്, എം പി മുഹമ്മദ് റഫീക്, പി പ്രമോദ്, ഇ ടി നഹന ഫാത്തിമ, കെ സജിദ, ടി കെ അബ്ദുറഹിമാൻ തുടങ്ങിയവർ സംസാരിച്ചു.

കലോത്സവം ശനിയാഴ്ച സമാപിക്കും. വൈകിട്ട് ആറിന് കെ കെ രമ എം എൽ എ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. നഗരസഭ സ്ഥിരം സമിതി അധ്യക്ഷ സിന്ധു പ്രേമൻ അധ്യക്ഷയാവും.