പാണ്ടിക്കോട് റോഡ്പ്രവൃത്തി നടക്കുന്ന സ്ഥലത്ത് സ്‌കൂട്ടര്‍ നിയന്ത്രണംവിട്ട് പാടത്തേക്ക് മറിഞ്ഞു; അപകടത്തില്‍ സഹോദരിമാര്‍ക്ക് പരിക്ക്


പേരാമ്പ്ര: പാണ്ടിക്കോട് റോഡ്പ്രവൃത്തി നടക്കുന്ന സ്ഥലത്ത് അപകടകരമായ രീതിയില്‍ കലുങ്ക് നിര്‍മ്മാണം. സ്‌കൂട്ടര്‍ നിയന്ത്രണംവിട്ട് പാടത്തേക്ക് മറിഞ്ഞ് സഹോദരിമാര്‍ക്ക് പരിക്കേറ്റു. കൂരാച്ചുണ്ട് പൂവത്തുംചോല നെയ്ത്തുകുളങ്ങര തഹ്വാന താജ് (20), തസ്ന താജ് (17) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഒപ്പമുണ്ടായിരുന്ന ബന്ധുവായ മൂന്നു വയസ്സുകാരന്‍ കാര്യമായ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

പാണ്ടിക്കോട് ക്ഷേത്രത്തിനുസമീപം ഇന്നലെയാണ് അപകടം നടന്നത്. പേരാമ്പ്ര ചെമ്പ്ര റോഡില്‍ റോഡ് പുനര്‍നിര്‍മാണത്തിന്റെ ഭാഗമായി ഒട്ടേറെ സ്ഥലങ്ങളില്‍ കലുങ്ക് നിര്‍മിക്കുന്നുണ്ട്. ഇതിനായി ഒരുഭാഗത്ത് നിര്‍മാണം നടക്കുമ്പോള്‍ മറുഭാഗത്തുകൂടിയാണ് വാഹനങ്ങളെ കടത്തിവിടുന്നത്. നിലവിലുള്ള റോഡിനേക്കാള്‍ ഉയരത്തിലാണ് കലുങ്ക് വരുന്നത്. അതിനാല്‍ നിരപ്പല്ലാത്ത വീതി കുറഞ്ഞ ഭാഗത്തുകൂടി ഇരുചക്ര വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ അപകട സാധ്യത ഏറെയാണ്.

വശങ്ങളില്‍ കൃത്യമായി സുരക്ഷാവേലിള്‍ നിര്‍മിക്കാതെയാണ് പണി നടക്കുന്നത് എന്നതും അപകടം വിളിച്ചുവരുത്തുന്നതായി യാത്രക്കാര്‍ പറഞ്ഞു.

പരിക്കേറ്റവര്‍ പേരാമ്പ്ര താലൂക്ക് ആശുപത്രിയിലും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ചികിത്സതേടി.