നിര്‍മ്മാണ പ്രവൃത്തി എങ്ങുമെത്തിയില്ല; മഴ പെയ്തതോടെ ചെമ്പ്ര- പുറ്റംപൊയില്‍ റോഡില്‍ യാത്ര ദുഷ്‌കരം
പേരാമ്പ്ര: നിര്‍മ്മാണ പ്രവൃത്തികള്‍ ആരംഭിച്ച് നാളുകള്‍ കഴിഞ്ഞിട്ടും പണി പൂര്‍ത്തിയാവാതെ ചെമ്പ്ര- പുറ്റംപൊയില്‍ റോഡ്. മഴകൂടെ പെയ്തതോടെ ഇതുവഴി യാത്ര വളരെ പ്രയാസമാവുന്നതായി നാട്ടുകാര്‍ പരാതിപ്പെടുന്നു. നിറയെ പൊട്ടിപ്പൊളിഞ്ഞ അവസ്ഥയിലുള്ള റോഡില്‍ മഴയില്‍ ചെളിവെള്ളം കെട്ടിക്കിടന്ന് റോഡും കുഴികളും തിരിച്ചറിയാനാവാത്ത അവസ്ഥയാണ്. കുഴികളില്‍ അകപ്പെടാതെ രക്ഷപ്പെടാനായ് ബൈക്ക് യാത്രക്കാരും കാല്‍നടയാത്രക്കാരും ഏറെ സാഹസികതയാണ് കാണിക്കേണ്ടി വരുന്നത്.
നിലവില്‍ ഒന്നാകെ തകര്‍ന്നു കിടക്കുന്ന റോഡില്‍ ജലജീവര്‍ പൈപ്പിടല്‍ പ്രവൃത്തിക്കായ് കുഴിയെടുത്തതോടെ പ്രശ്‌നം സങ്കീര്‍ണണമാവുകയായിരുന്നു. ദിനം പ്രതി കൂരാച്ചുണ്ട്, ചക്കിട്ടപ്പാറ തുടങ്ങിയ ഭാഗങ്ങളിലേക്ക് ബസ്സുള്‍പ്പെടെ നിരവധി വാഹനങ്ങളാണ് ഇതുവഴി കടന്നുപോവുന്നത്.
റോഡിലൂടെ ദിനം പ്രതി യാത്രചെയ്യേണ്ടി വരുന്ന വിദ്യാര്‍ത്ഥികളും ജോലിക്കാരും ഉള്‍പ്പെടെയുള്ളവരാണ് ഏറെ ബുദ്ധിമുട്ടനുഭവിക്കുന്നത്. അതിനാല്‍ തന്നെ റോഡ് എത്രയും പെട്ടന്ന് പണിപൂര്‍ത്തീകരിച്ച് സഞ്ചാരയോഗ്യമാക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
എന്നാല്‍ റോഡിന്റെ വീതികൂട്ടല്‍, വശങ്ങള്‍ കെട്ടല്‍ തുടങ്ങിയ പ്രവൃത്തികളാണ് നിലവില്‍ നടക്കുന്നത്. ഇത് പൂര്‍ത്തിയായതിനുശേഷം മാത്രമാണ് ടാറിംഗ് പ്രവൃത്തികള്‍ ആരംഭിക്കാന്‍ കഴിയുകയുള്ളൂ എന്നാണ് അധികൃതര്‍ അറിയിക്കുന്നത്.