മോട്ടോർ വാഹന വകുപ്പിന്റെ പുതിയ സോഫ്റ്റ്വെയർ അടിപൊളിയെന്ന് പൊതുജനം; വണ്ടി നമ്പർ റിസർവ് ചെയ്യാം, ഓൺലൈനായി ലേലത്തിൽ പങ്കെടുക്കാം
തിരുവനന്തപുരം: മോട്ടോർ വാഹന വകുപ്പിന്റെ പുതിയ സോഫ്റ്റ്വെയറിന് ജന സ്വീകാര്യതയേറുന്നു. ഫാൻസി നമ്പറുകൾ ഓൺലൈനായി റിസർവ് ചെയ്യാനാകും. സൈറ്റിൽ യൂസർ ഐഡിയും പാസ്വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത് ആർ.ടി ഓഫിസ് തിരഞ്ഞെടുക്കുമ്പോൾ റിസർവ് ചെയ്യാൻ സാധിക്കുന്ന ഫാൻസി നമ്പറിന്റെ ലിസ്റ്റ് കാണാൻ കഴിയുന്ന തരത്തിലാണ് സംവിധാനം.
നമുക്ക് ഇഷ്ടപ്പെട്ടവ സെർച് ബൈ നമ്പർ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ടൈപ് ചെയ്ത് നൽകി കാണാവുന്നതാണ്. ലേലത്തിൽ പങ്കെടുക്കാൻ ഓഫിസിലേക്ക് പോകേണ്ടതില്ല, ഫാൻസിനമ്പർ ബുക്ക് ചെയ്തിട്ടുള്ളവർക്ക് വിദേശത്ത് നിന്നുവേണമെങ്കിലും ഓൺലൈനായി ലേലത്തിൽ പങ്കെടുക്കാനാകും എന്നതും സവിശേഷതയാണ്. കേന്ദ്ര സർക്കാറിന്റെ മിനിസ്ട്രി ഓഫ് റോഡ് ട്രാൻസ്പോർട്ട് ആൻഡ് ഹൈവേസ് വകുപ്പിന്റെ പരിവാഹൻ എന്ന ഇ-വാഹൻ വെബ്സൈറ്റിലെ ഉപ വിഭാഗമായ https://fancy.parivahan.gov.in/fancy/faces/public/login.xhtml വഴി നമ്പറുകൾ പരിശോധിക്കാവുന്നതാണ്.
ഇഷ്ടപ്പെട്ട നമ്പർ തിരഞ്ഞെടുത്ത ശേഷം ക്ലിക്ക് ചെയ്യുക. അപ്പോൾ ആപ്ലിക്കേഷൻ നമ്പർ ചോദിക്കും. വാഹനത്തിന്റെ ടാക്സ് അടച്ച താൽക്കാലിക രജിസ്ട്രേഷൻ നമ്പറിന് ലഭിച്ച ആപ്ലിക്കേഷൻ നമ്പറാണ് ചോദിക്കുന്നത്. ഒരാഴ്ചക്കുള്ളിൽ മറ്റാരും ഇതേ നമ്പറിന് അപേക്ഷ നൽകിയിട്ടില്ല എങ്കിൽ അടിസ്ഥാന വിലയിൽ തന്നെ നിങ്ങൾക്ക് ആ നമ്പർ ലഭിക്കും.