കോടിക്കൽ ബീച്ചിൽ നിന്ന് ലഭിച്ച മൃതദേഹം വിട്ടുകൊടുത്ത സംഭവത്തിൽ പോലീസിന് വീഴ്ചപറ്റിയിട്ടില്ല; സ്വര്‍ണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയ ഇര്‍ഷാദിന്റെ മരണം കൊലപാതകമായി കണ്ട് അന്വേഷണം ഊര്‍ജ്ജിതമാക്കുമെന്ന് റൂറല്‍ എസ്.പി മാധ്യമങ്ങളോട്- വീഡിയോ



തിക്കോടി:
സ്വര്‍ണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയ പന്തിരിക്കര സ്വദേശി ഇര്‍ഷാദിന്റെ മൃതദേഹം തിക്കോടി കോടിക്കല്‍ ബീച്ചില്‍ കരയ്ക്കടിഞ്ഞ നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമായി കണ്ട് അന്വേഷണം ഊര്‍ജ്ജിതമാക്കുമെന്ന് റൂറല്‍ എസ്.പി കറുപ്പസ്വാമി പറഞ്ഞു. ഇര്‍ഷാദിന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ല. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചശേഷമേ ഇതുസംബന്ധിച്ച കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകൂവെന്നും അദ്ദേഹം വടകരയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

തിക്കോടി കോടിക്കല്‍ ബീച്ചില്‍ കരയ്ക്കജൂലൈ 17ന് കരയ്ക്കടിഞ്ഞ മൃതദേഹം കൈകാര്യം ചെയ്തതില്‍ പൊലീസിന്റെ ഭാഗത്ത് വീഴ്ച സംഭവിച്ചിട്ടില്ല. മേപ്പയ്യൂര്‍ സ്വദേശി ദീപക്കിന്റെ ബന്ധുക്കള്‍ അത് ദീപക്കാണെന്ന് ഉറപ്പിച്ചു പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് മൃതദേഹം അവര്‍ക്കു വിട്ടുനല്‍കിയത്. എന്നാല്‍ പിന്നീട് ഡി.എന്‍.എ പരിശോധനയില്‍ മൃതദേഹം ദീപക്കിന്റെ ബന്ധുക്കളുടേതുമായി മാച്ചു ചെയ്യുന്നില്ലെന്നു കണ്ടെത്തിയതോടെയാണ് ഇര്‍ഷാദിന്റെ ബന്ധുക്കളുടെ സാമ്പിളുകള്‍ ശേഖരിച്ചതും ഡി.എന്‍.എ പരിശോധനയ്ക്ക് അയച്ചതെന്നും അദ്ദേഹം പറഞ്ഞു.

ഇര്‍ഷാദിനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ നിലവില്‍ അറസ്റ്റിലായ ഓരോരുത്തരുടെയും പങ്ക് പരിശോധിച്ചുവരുന്നതേയുള്ളൂ. കൂടുതല്‍ കാര്യങ്ങള്‍ വരുംദിവസങ്ങളിലേ വ്യക്തമാകൂവെന്നും അദ്ദേഹം അറിയിച്ചു. കാണാതായ മേപ്പയ്യൂര്‍ സ്വദേശി ദീപക്കിനെ കണ്ടെത്താനുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കുമെന്നും റൂറല്‍ എസ്.പി വ്യക്തമാക്കി.