വാഹനങ്ങള്‍ കഴുകാന്‍ ഉപയോഗിക്കുന്ന രാസവസ്തുക്കള്‍ ശ്വസിച്ചയാള്‍ക്ക് ശ്വാസതടസം അനുഭവപ്പെട്ടു; കല്ലാച്ചിയിലെ കാര്‍വാഷ് കേന്ദ്രം പഞ്ചായത്ത് അടച്ചുപൂട്ടി


നാദാപുരം: കല്ലാച്ചിയില്‍ പ്രവര്‍ത്തിച്ചിരുന്ന താജ് കാര്‍ വാഷ് കേന്ദ്രം നാദാപുരം പഞ്ചായത്ത് അധികൃതര്‍ അടച്ചുപൂട്ടി. ഇവിടെ കാറും ഇരുചക്രവാഹനങ്ങളും കഴുകാന്‍ ഉപയോഗിക്കുന്ന രാസവസ്തുക്കള്‍ ശ്വസിച്ച് സമീപത്തെ സ്ഥാപനത്തിലെ വ്യക്തിക്ക് ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണിത്.

പഞ്ചായത്ത് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥര്‍ സ്ഥാപനം പരിശോധിച്ചു. ഇരുചക്രവാഹനം കഴുകുന്ന സ്ഥലത്ത് അമിത അളവില്‍ രാസവസ്തുക്കള്‍ അടങ്ങിയ പൊടിപടങ്ങള്‍ കണ്ടെത്തി. ഇവിടെ ഉപയോഗിച്ചിരുന്ന രാസമിശ്രിതത്തിന്റെ സാമ്പിള്‍ കോഴിക്കോട് ഗവ.മെഡിക്കല്‍ കോളജിലെ കെമിക്കല്‍ എക്‌സാമിനേഷന്‍ ലബോറട്ടറിയില്‍ പരിശോധനക്ക് അയച്ചിട്ടുണ്ട്.

പഞ്ചായത്ത് സെക്രട്ടറി ഷാഹുല്‍ ഹമീദ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ.സതീഷ് ബാബു, സീനിയര്‍ ക്ലര്‍ക്ക് വി.എന്‍.കെ.സുനില്‍കുമാര്‍ എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.