കൊയിലാണ്ടി പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസിൽ അവശനിലയിൽ കണ്ടെത്തിയ ഉദ്യോഗസ്ഥൻ മരിച്ചു


കൊയിലാണ്ടി: കൊയിലാണ്ടി പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസിൽ അവശനിലയിൽ കണ്ടെത്തിയ കോഴിക്കോട് ജില്ലാ പഞ്ചായത്ത് ഓഫീസിലെ ഉദ്യോഗസ്ഥൻ മരിച്ചു. ഡിവിഷണൽ എകൗണ്ടഡ് ഓഫീസർ കൊല്ലം ശാസ്താംകോട്ട സ്വദേശിയായ ബിജുമോനാണ് മരിച്ചത്. അൻപത്തിമൂന്ന് വയസായിരുന്നു.

രണ്ടുദിവസമായി ഇദ്ദേഹം കൊയിലാണ്ടിയിലെ പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസിൽ മുറിയെടുത്ത് താമസിക്കുകയായിരുന്നു. ദിവസവും രാവിലെ ഭാര്യയെ വിളിക്കാറുണ്ട്. ഇന്ന് രാവിലെ വിളിക്കാത്തതിനാൽ ഭാര്യ അന്വേഷിച്ച് പി.ഡബ്ല്യു.ഡി ഓഫീസിലേക്ക് വിളിക്കുകയായിരുന്നു. റൂം മുട്ടിവിളിച്ചിട്ടും തുറന്നില്ല. ഉള്ളിൽ നിന്ന് കുറ്റിയിട്ട നിലയിലായിരുന്നു. പൊലീസിനെ വിളിച്ച് വാതിൽ തകർത്ത് അകത്തുകടന്നപ്പോൾ ഇയാളെ അവശനിലയിൽ കണ്ടെത്തുകയായിരുന്നു.

ഉടനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെത്തിച്ചു. പ്രാഥമിക ചികിത്സയ്ക്കുശേഷം തുടർ ചികിത്സയ്ക്കായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകവെ വഴിയിൽവെച്ച് മരണപ്പെടുകയായിരുന്നു. ജനുവരി 15നാണ് ഇയാൾ പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസിൽ മുറിയെടുത്തത്.