ചെളിവെള്ളത്തിൽ ചവിട്ടിനിന്ന് മീൻവാങ്ങിയിരുന്ന ദുരിതകാലം ഇനി ഓർമകളിലേക്ക്; പേരാമ്പ്രയിലെ പുതിയ മത്സ്യമാർക്കറ്റ് നാളെ നാടിന് സമർപ്പിക്കും
പേരാമ്പ്ര: അസൗകര്യങ്ങളിൽ വീർപ്പുമുട്ടിയിരുന്ന പേരാമ്പ്ര മത്സ്യമാർക്കറ്റ് പുതുമോടിയിലേക്ക്. മഴക്കാലത്ത് ചെളിവെള്ളത്തിൽ ചവിട്ടിനിന്ന് മീൻവാങ്ങിയിരുന്ന ദുരിതകാലം ഇനി ഓർമയാകും. പഞ്ചായത്തിന്റെ മുൻകൈയാൽ നിർമിച്ച പുതിയ മത്സ്യമാർക്കറ്റ് കെട്ടിടം നാളെ മന്ത്രി എം ബി രാജേഷ് ഉദ്ഘാടനംചെയ്യും.
ബ്ലോക്ക്–- ഗ്രാമപഞ്ചായത്തുകൾ ചേർന്ന് 70ലക്ഷം രൂപ ചെലവിലാണ് പുതിയ മാർക്കറ്റ് കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തീകരിച്ചത്.
നേരത്തെയുണ്ടായിരുന്ന കെട്ടിടം പൊളിച്ചാണ് പുതിയത് നിർമിച്ചത്. ഒരേസമയം 50 പേർക്ക് മീൻ വിൽക്കാനുള്ള സൗകര്യമാണ് മാർക്കറ്റിലുള്ളത്. മലിനജലം ഒഴുക്കിവിടാനുള്ള സംവിധാനവുമുണ്ട്. മാർക്കറ്റ് തുറക്കുന്നതോടെ മാർക്കറ്റിന് പുറത്തുവച്ചുള്ള മത്സ്യവില്പന തടയുമെന്ന് പഞ്ചായത്തധികൃതർ അറിയിച്ചു.
2001-2002 കാലത്താണ് പഞ്ചായത്ത് ഷോപ്പിങ് കോപ്ലക്സിന് പിറകിലുള്ള ഒരേക്കറോളം സ്ഥലത്ത് മത്സ്യമാർക്കറ്റിന് ആദ്യം കെട്ടിടം നിർമിച്ചത്. എന്നാൽ കടപ്പ പാകിയനിലത്ത് വെള്ളംവീഴുമ്പോൾ വഴുക്കലാണെന്ന കാരണത്താൽ കച്ചവടക്കാർ വിൽപ്പന കെട്ടിടത്തിനു പുറത്തേക്ക് മാറ്റുകയായിരുന്നു. ഇതവസാനിപ്പിക്കാനാണ് 2019 പകുതിയോടെ പഴയകെട്ടിടം പൊളിച്ചുമാറ്റിയത്. പിന്നീട് മത്സ്യവിൽപ്പന താത്‌കാലികമായി മാർക്കറ്റിന്റെ പ്രവേശനഭാഗത്തേക്ക് മാറ്റുകയായിരുന്നു.
Summary: The new fish market in Perambra will be inagurated tomorrow by minister mb rajesh