വടകരയിലെ വ്യാപാരി രാജന്റെ കൊലപാതകം; ഒടുവില്‍ പ്രതി അറസ്റ്റില്‍, ഷഫീഖിലേക്ക് പൊലീസ് എത്തിയത് തന്ത്രപരമായി


വടകര: വടകരയിലെ വ്യാപാരിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. തൃശൂര്‍ വാടാനപ്പള്ളി സ്വദേശി മുഹമ്മദ് ഷഫീഖിനെയാണ് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. സോഷ്യല്‍ മീഡിയ വഴിയാണ് വ്യാപാരിയെ പ്രതി പരിചയപ്പെട്ടത്.

ഫോട്ടോ പുറത്ത് വിട്ടതിന് പിന്നാലെ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ഇയാളെ വടകരയിത്തിച്ച് ചോദ്യം ചെയ്തു. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റസമ്മതം നടത്തി. പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്ത് വരികയാണെന്നും കൂടുതല്‍ തെളിവുകള്‍ ശേഖരിച്ച് വരുന്നതായും റൂറല്‍ എസ്പി ആര്‍. കറപ്പസ്വാമി പറഞ്ഞു.

ഡിസംബര്‍ 25നാണ് വടകര പഴയ ബസ് സ്റ്റാന്റിന് സമീപത്തെ കടയില്‍ വ്യാപാരിയായ രാജനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് രാജന്റെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞത്. വ്യാപാരിയുടെ സ്വര്‍ണാഭരണങ്ങളും ബൈക്കും പ്രതി കൈക്കലാക്കിയിരുന്നു.