കാലവർഷക്കെടുതി; വടകര കോഴിക്കോട് സർക്കിളുകളിലായി കെ.എസ്.ഇ.ബിക്ക് ഏഴുകോടിയുടെ നഷ്ടം


വടകര: കാലവർഷ കെടുതിയിൽ കെ.എസ്.ഇ.ബിക്ക് കോടികളുടെ നഷ്ടം. കെ.എസ്‌.ഇ.ബി വടകര കോഴിക്കോട് സർക്കിളുകളിലായി ജൂണ്‍ ഒന്ന് മുതല്‍ ഇതുവരെ ഏഴുകോടിയുടെ നാശനഷ്ടമുണ്ടായതായാണ് കണക്കാക്കിയത്.

മഴക്കെടുതി രണ്ട് ലക്ഷത്തോളം ഗാര്‍ഹിക- വാണിജ്യ ഉപഭോക്താക്കളെ ബാധിച്ചു. 2,375 ലോ ടെൻഷൻ പോസ്റ്റുകള്‍, 29,511 കെ.വി വൈദ്യുതി പോസ്റ്റുകള്‍ എന്നിവ തകർന്നു. 194 എണ്ണം 11 കെവി കണ്ടക്ടറുകള്‍ നശിച്ചു. 5,686 ലോ ടെൻഷൻ ലൈനുകള്‍, 437 ട്രാന്‍സ്ഫോര്‍മറുകള്‍ എന്നിവക്കും നാശമുണ്ടായി.

വൈദ്യുതി ശൃംഖലയ്ക്ക് വ്യാപക തകരാറുണ്ടായ സാഹചര്യത്തില്‍ വൈദ്യുതി പുനഃസ്ഥാപന പ്രവർത്തനങ്ങള്‍ ഏകോപിപ്പിക്കാൻ ഇലക്‌ട്രിക്കല്‍ സർക്കിള്‍ തലത്തില്‍ 24 മണിക്കൂർ കണ്‍ട്രോള്‍ റൂമുകള്‍ ആരംഭിച്ചു. അതത് സർക്കിള്‍ പരിധിയിലെ ഉപഭോക്താക്കള്‍ക്ക് കണ്‍ട്രോള്‍ റൂം നമ്ബറില്‍ പരാതി അറിയിക്കാം. ജീവനക്കാർ കുറവുള്ളിടത്ത്‌ മറ്റു മേഖലകളില്‍നിന്ന്‌ പുനർവിന്യസിക്കാനും ആവശ്യമെങ്കില്‍ വിരമിച്ച ഉദ്യോഗസ്ഥരെ പ്രത്യേകം നിയോഗിക്കാനും കെ.എസ്.ഇ.ബി നടപടി സ്വീകരിച്ചിട്ടുണ്ട്.