ജാതിക്ക കച്ചവടത്തിനെന്ന വ്യാജേനയെത്തി, പാനൂരിൽ പട്ടാപ്പകൽ മോഷണത്തിന് ശ്രമിച്ച കള്ളനെ ഓടിച്ചിട്ട് പിടികൂടി നാട്ടുകാർ ; സംഘാംഗങ്ങൾക്കായി അന്വേഷണം ആരംഭിച്ച് പോലിസ്
പാനൂർ: പാനൂരിൽ പട്ടാപകൽ മോഷണത്തിന് ശ്രമിച്ച കള്ളനെ നാട്ടുകാർ ഓടിച്ചിട്ട് പിടികൂടി. കോട്ടയം സ്വദേശിയാണ് പിടിയിലായത്. പുത്തൂർ പോസ്റ്റ് ഓഫീസിന് സമീപത്താണ് സംഭവം.
നിർമാണത്തിലിരിക്കുന്ന വീട്ടിൽ ജോലിക്കെത്തിയ ഇതരസംസ്ഥാന തൊഴിലാളികളുടെ പണം കവർന്ന് പ്രതി ഓടിപ്പോവുകയായിരുന്നു. നാട്ടുകാർ തിരച്ചിൽ നടത്തവെ ഇയാൾ സമീപത്തെ വീട്ടിൽ കയറി ഒളിച്ചിരുന്നു. തുടർന്ന് നാട്ടുകാർ പിടികൂടി പാനൂർ പോലീസിൽ ഏല്പിക്കുകയായിരുന്നു. കോട്ടയം സ്വദേശിയാണെന്നും ചോദ്യം ചെയ്യുകയാണെന്നും പൊലീസ് അറിയിച്ചു.
ജാതിക്ക കച്ചവടത്തിനെന്ന വ്യാജേനയാണ് ഇയാൾ പുത്തൂരെത്തിയത്. തലശേരിയിൽ ലോഡ്ജിൽ താമസിച്ച് വരുന്ന ഇയാൾക്കൊപ്പം കൂടുതൽ ആളുകളുണ്ടെന്നും സൂചനയുണ്ട്. ഇവർക്കായി പോലിസ് അന്വേഷണം ആരംഭിച്ചു.