ദുരിതയാത്രയ്ക്ക് അറുതി വേണം; പ്രവൃത്തി തുടങ്ങി രണ്ട് വർഷമായിട്ടും വടക്കുമ്പാട് – വഞ്ചിപ്പാറ – ഗോപുരത്തിലിടം റോഡ് പൂർത്തിയാക്കാനാവാതെ പാതിവഴിയിൽ, നടപടിക്കായി കോടതിയെ സമീപിക്കാനൊരുങ്ങി നാട്ടുകാർ


പേരാമ്പ്ര: റോഡ് പ്രവൃത്തി തുടങ്ങി വര്‍ഷം രണ്ട് കഴിഞ്ഞിട്ടും പണി പൂര്‍ത്തിയാവാതെ പാതിവഴിയില്‍. വടക്കുമ്പാട്-വഞ്ചിപ്പാറ- ഗോപുരത്തിലിടം റോഡ് പ്രവൃത്തി എത്രയും പെട്ടന്ന് പൂര്‍ത്തിയാക്കണമെന്ന ആവശ്യവുമായി കന്നാട്ടി പ്രദേശത്തെ ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് നാട്ടുകാരും.

തുടര്‍ച്ചയായി നാല് ടെന്‍ഡറുകള്‍ നടത്തിയെങ്കിലും റോഡുപണി ഇപ്പോഴും പാതിവഴിയില്‍ തുടരുകയാണ്. മഴക്കാലം വരുന്നതോടെ റോഡാകെ ചെളിക്കുളമാവുന്ന അവസ്ഥയാണ് അതിനാല്‍ തന്നെ അതിനുമുന്നെ റോഡ് പ്രവൃത്തി തുടങ്ങണമെന്നതാണ് നാട്ടുകാരുടെ ആവശ്യം. ഇതിനായി ജന പ്രതിനിതികളുടെ നേതൃത്വത്തില്‍ കക്ഷി ചേരാനും തീരമാനമായി.

നിലവില്‍ ഊരാളുങ്കല്‍ സൊസൈറ്റിയാണ് നാലാമത്തെ ടെന്‍ഡര്‍ ഏറ്റെടുത്തിരിക്കുന്നത്. കരാര്‍ ഏറ്റെടിത്ത് പ്രപൃത്തി തുടങ്ങാനിരിക്കെ മൂന്നാമത്തെ ടെന്‍ഡര്‍ എടുത്തിരുന്നയാള്‍ ഹൈക്കോടതിയെ സമീപിച്ചതോടെ പ്രവൃത്തി തുടങ്ങുന്നത് ഒരുമാസമായി തടസ്സപ്പെട്ടിരിക്കുകയാണ്.

ഈ കേസ് ഏപ്രില്‍ നാലിന് കോടതി പരിഗണിക്കുന്നുണ്ട്. ഇതിലെ തുടർ നടപടികൾ പരിശോധിച്ച ശേഷമാണ് ജനപ്രതിനികളുടെ നേതൃത്വത്തില്‍ നാട്ടുകാരും ആവശ്യവുമായി കോടതിയെ സമീപിക്കുക. കരാര്‍ ഏറ്റെടുത്തിട്ട് ഒരുവര്‍ഷമായിട്ടും പണിയൊന്നും ചെയ്യാത്ത സാഹചര്യത്തിലായിരുന്നു മൂന്നാമത്തെ കരാറുകാരനെ ഒഴിവാക്കിയത്.

2020 ഡിസംബറില്‍ ആദ്യ കരാര്‍ നല്‍കിയ പ്രവൃത്തിയാണ് രണ്ടുവര്‍ഷം കഴിഞ്ഞിട്ടും പാതിവഴിയില്‍ കിടക്കുന്നത്. അഞ്ചുകോടി ചെലവില്‍ 3.300 കിലോമീറ്റര്‍ ദൂരം ബി.എം.ആന്‍ഡ് ബി.സി. നിലവാരത്തില്‍ റോഡ് പുനര്‍നിര്‍മിക്കാനായിരുന്നു പദ്ധതി. എട്ടുമാസംകൊണ്ട് പൂര്‍ത്തീകരിക്കണമെന്നായിരുന്നു കരാര്‍. 4.8 കോടിയുടെ പ്രവൃത്തി ഇനി പൂര്‍ത്തീകരിക്കാനുണ്ട്.

റോഡ് പ്രവൃത്തി ഇഴഞ്ഞുനീങ്ങിയതിനെത്തുടര്‍ന്ന് ആദ്യം കരാറെടുത്ത കാസര്‍കോട് സ്വദേശിയെ 2021 ഡിസംബറില്‍ പൊതുമരാമത്ത് വകുപ്പ് ഒഴിവാക്കുകയായിരുന്നു. പുനര്‍ടെന്‍ഡര്‍ നടത്തിയ സമയത്ത് ആദ്യകരാറുകാരനും ഒഴിവാക്കിയതിനെതിരേ കോടതിയെ സമീപിച്ചതിനാല്‍ സ്റ്റേയുണ്ടാവുകയും കാലതാമസത്തിനിടയാക്കുകയും ചെയ്തിരുന്നു. പൊതുമരാമത്തുവകുപ്പിന് അനുകൂലമായാണ് ഒടുവില്‍ വിധിയുണ്ടായത്. നിശ്ചിതസമയത്തിനകം എഗ്രിമെന്റ് ഒപ്പുവെച്ച് പ്രവൃത്തി തുടങ്ങാത്തതിന്റെ പശ്ചാത്തലത്തില്‍ രണ്ടാമത്തെ കരാറുകാരനെയും പിന്നീട് ഒഴിവാക്കേണ്ടിവന്നു. പുനര്‍നിര്‍മാണം നടത്തേണ്ട പാതയില്‍ കുറെദൂരം നേരത്തേ ടാര്‍ചെയ്തതാണ്. എന്നാല്‍ ഇതെല്ലാം പൊട്ടിത്തകര്‍ന്നുകിടക്കുകയാണ്.