ദുരിതയാത്രയ്ക്ക് അല്പം ആശ്വാസമാകുമെന്ന് പ്രതീക്ഷ; മേപ്പയ്യൂര്‍-നെല്ല്യാടി-കൊല്ലം റോഡിന്റെ അറ്റകുറ്റപ്പണികള്‍ക്കായി 2.04 കോടിരൂപയുടെ എസ്റ്റിമേറ്റ് നല്‍കിയതായി കേരള റോഡ് ഫണ്ട് ബോര്‍ഡ്
മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ നെല്ല്യാടി കൊല്ലം റോഡിന്റെ അടിയന്തിര അറ്റകുറ്റപ്പണികള്‍ക്കായി 2.04 കോടി രൂപയുടെ എസ്റ്റിമേറ്റ് നല്‍കിയിട്ടുണ്ടെന്നും എത്രയും പെട്ടെന്ന് അനുമതി ലഭിക്കുമെന്നും കേരള റോഡ് ഫണ്ട് ബോര്‍ഡ്. പേരാമ്പ്ര മണ്ഡലത്തിലെ പി.ഡബ്ല്യു.ഡി, കെ.ആര്‍.എഫ്.ബി പ്രവൃത്തികളുടെ അവലോകനയോഗത്തിലാണ് ഉദ്യോഗസ്ഥര്‍ ഇക്കാര്യം അറിയിച്ചത്.
ഈ റോഡിന് 2016ലെ ബജറ്റില്‍ 10 കോടി രൂപ അനുവദിച്ച് ഭരണാനുമതി ലഭിച്ചതാണ്. എന്നാല്‍ 10 കോടിയും അതിനു മുകളിലുമുള്ള പ്രവൃത്തികള്‍ കിഫ്ബിയിലേക്ക് മാറ്റാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതിന്റെ ഭാഗമായി ഈ പ്രവൃത്തിയും കിഫ്ബിയിലേക്ക് മാറ്റി. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ മുറ പ്രകാരം 38.95 കോടി രൂപയുടെ ധനകാര്യ അനുമതി ലഭിച്ചു. ഇത് 2016 ലെ റേറ്റ് അനുസരിച്ചുള്ള തുകയാണ്. ഇതനുസരിച്ച് പി.ഡബ്ല്യു.ഡി റോഡ് കേരള റോഡ് ഫണ്ട് ബോര്‍ഡിന് കൈമാറുകയും ചെയ്തിരുന്നു.
9.59 കിലോമീറ്റര്‍ ദൂരത്തില്‍ 5.5 മീറ്റര്‍ വീതിയിലാണ് നിലവിലെ റോഡ്. ഏഴ് മീറ്റര്‍ വീതിയില്‍ ടാറിങ്ങും ഡ്രൈനേജുമുള്‍പ്പടെ 10 മീറ്റര്‍ വീതിയിലാണ് റോഡ് നവീകരിക്കുക. കൂടാതെ വാട്ടര്‍ അതോറിട്ടി, ടെലിഫോണ്‍സ്, കെ.സ്.ഇ.ബി എന്നീ വകുപ്പുകള്‍ക്ക് ഭാവിയില്‍ റോഡ് വെട്ടിപൊളിക്കാതെ പൈപ്പുകളും കേബിളുകളും ഇടുന്നതിനുമുള്ള സംവിധാനവും പ്രധാന കവലകളില്‍ ഹാന്‍ഡ് റയില്‍ വച്ച് ടൈല്‍സ് പതിക്കാനും ബസ് സ്റ്റോപ്പ് നിര്‍മ്മിക്കാനും എസ്റ്റിമേറ്റ് ഉണ്ട്. റോഡിലുള്ള വെള്ളക്കെട്ടുകള്‍ പരിഹരിച്ച്, അപകടകരമായ വളവുകളും കയറ്റങ്ങളും ഒഴിവാക്കി റോഡിന്റെ പുനര്‍നിര്‍മ്മാണമാണ് ഉദ്ദേശിക്കുന്നത്.
ഇതിനായി കീഴരിയൂര്‍, കൊഴുക്കല്ലൂര്‍, വിയ്യൂര്‍, വില്ലേജുകളിലായി 1.655 ഹെക്ടര്‍ സ്ഥലം ഏറ്റെടുക്കുന്നതിനായി നോട്ടിഫിക്കേഷന്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരുന്നു. ഭൂമി ഏറ്റെടുക്കുന്നതിന് മാത്രമായി അഞ്ച് കോടി അനുവദിച്ചിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ പുതിയ ഭൂമി ഏറ്റെടുക്കല്‍ നിയമം അനുസരിച്ചേ ഭൂമി ഏറ്റെടുക്കല്‍ നടപടി പൂര്‍ത്തിയാക്കാന്‍ കഴിയുള്ളൂ. ഏറ്റെടുക്കുന്ന സ്ഥലത്തിന് അതിരുകള്‍ നിശ്ചയിച്ച് കല്ലുകള്‍ സ്ഥാപിക്കുന്നതിന് ഈ വര്‍ഷം ഫെബ്രുവരി അഞ്ചിനും പത്തിനും പ്രവൃത്തി ടെന്‍ഡര്‍ ചെയ്തെങ്കിലും ആരും ഏറ്റെടുത്തിരുന്നില്ല.
ജൂണ്‍ 25ലെ റീടെണ്ടറില്‍ ഒരു വ്യക്തി ടെണ്ടര്‍ ഏറ്റെടുക്കുകയും എഗ്രിമെന്റ് വെക്കുകയും ചെയ്തിട്ടുണ്ട്. അതിര്‍ത്തി കല്ലിടുന്ന പ്രവൃത്തി അടുത്ത ദിവസം തന്നെ നടക്കും. ഇത് പൂര്‍ത്തിയായാലേ ഭൂമി ഏറ്റെടുക്കാനും ഉടമകള്‍ക്ക് വില നല്‍കാനും കഴിയുകയുള്ളൂ. ഒരു സ്‌കൂള്‍ കെട്ടിടം, വീട് ഉള്‍പ്പടെയുള്ള വ്യാപാര സ്ഥാപനങ്ങളും ഏറ്റെടുക്കേണ്ടതായിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ എല്ലാം തന്നെ വകുപ്പ് മന്ത്രി, എം.എല്‍.എമാര്‍ ജില്ലാ കളക്ടര്‍, മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍മാര്‍ എന്നിവര്‍ ഓരോ മാസവും റിവ്യൂ ചെയ്യുന്നുണ്ടെന്നും യോഗത്തില്‍ അറിയിച്ചു.