പുത്തൂരില്‍ വീട്ടില്‍കയറി റിട്ട.പോസ്റ്റ്മാനെ അക്രമിച്ച സംഭവം; ക്വട്ടേഷന്‍ സംഘം ഉള്‍പ്പെടെ വില്യാപ്പള്ളി സ്വദേശികളായ അഞ്ച് പേര്‍ കസ്റ്റഡിയില്‍
വടകര: പുത്തൂരില്‍ വീട്ടില്‍ കയറി റിട്ട.പോസ്റ്റ്മാനെ അക്രമിച്ച സംഭവത്തില്‍ അഞ്ച് പേര്‍ പോലീസ് കസ്റ്റഡിയില്‍. ക്വട്ടേഷന്‍ നല്‍കിയ മനോഹരന്‍, ക്വട്ടേഷന്‍ ടീം അംഗങ്ങളായ വിജീഷ്, രഞ്ജിത്ത്, സുരേഷ്, മനോജ് എന്നിവരെയാണ് പോലീസ് പിടികൂടിയത്. ഇന്നലെ രാത്രിയോടെയാണ് സി.ഐ സുനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതികളെ കസ്റ്റഡിയിലെടുത്തത്.
മനോഹരനും രവീന്ദ്രനും തമ്മില്‍ കുറച്ച് കാലമായി ഒരു വസ്തുമായി ബന്ധപ്പെട്ട് വാക്ക് തര്‍ക്കമുണ്ടായിരുന്നു. ഇതിനെ തുടര്‍ന്നാണ് മനോഹരന്‍ രവീന്ദ്രനെതിരെ ക്വട്ടേഷന്‍ കൊടുത്തത്. 20000 രൂപയ്ക്കാണ് ക്വട്ടേഷന്‍ കൊടുത്തത് എന്നാണ് ലഭിക്കുന്ന വിവരം.
അക്രമികള്‍ വന്ന ജീപ്പും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നും അക്രമികള്‍ എത്തിയ വാഹനം കണ്ടെത്തിയതോടെയാണ് പ്രതികളെക്കുറിച്ച് പോലീസിന് സൂചന ലഭിച്ചത്. തുടര്‍ന്ന് അഞ്ച് പേരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.
നവംബര്‍ 4 തിങ്കളാഴ്ച രാത്രി 10.30 ഓടെയാണ് മൂന്നംഗ സംഘം വീട്ടിൽ കയറി രവീന്ദ്രനെ അക്രമിച്ചത്. അക്രമം തടയാനെത്തിയ മകനും പരിക്കേറ്റിരുന്നു. തുടര്‍ന്ന് രവീന്ദ്രനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും മകൻ ആകാശിനെ വടകര ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. വടകര പോലീസ് വീട്ടിൽ എത്തിയാണ് ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഹെല്‍മറ്റ് ധരിച്ച രണ്ടുപേരും മുഖത്ത് കറുപ്പ് ചായം തേച്ച ഒരാളുമാണ് തന്നെ അക്രമിച്ചതെന്ന് രവീന്ദ്രന്‍ പോലീസിന് മൊഴി നല്‍കിയിരുന്നു.
എസ്.ഐ പവനന്‍, എഎസ്ഐ രാജേഷ് ഇ, എഎസ്ഐ ഗണേഷന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ റിനീഷ് കൃഷ്ണ, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍സൂരജ്, സിപിഒ സജീവന്‍ സി.എം എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
Description: The incident where retired postman was assaulted in Puttur; Five people are in custody