വടകരയിൽ ദേശീയ പാതയ്ക്കരികിൽ കാരവനിൽ മൃതദേഹം കണ്ടെത്തിയ സംഭവം; മരിച്ചവരെ തിരിച്ചറിഞ്ഞു, വിശദമായി അറിയാം


വടകര: കരിമ്പനപ്പാലത്ത് ദേശീയപാതക്കരികിൽ നിർത്തിയിട്ട കാരവനിൽ മരിച്ചനിലയിൽ കണ്ടെത്തിയവർ മലപ്പുറം, പട്ടാമ്പി സ്വദേശികൾ. ഇന്ന് രാത്രി എട്ടരയോടെയാണ് കരിമ്പനപ്പാലത്തെ കെടിഡിസിക്ക് സമീപം രണ്ട് പേരുടെ മൃതദേഹങ്ങൾ കാണപ്പെട്ടത്. പൊന്നാനിയിൽ കാരവൻ ടൂറിസം കമ്പനിയിലെ ഡ്രൈവർ മലപ്പുറം വണ്ടൂർ വാണിയമ്പലം സ്വദേശി മനോജും അതേ കമ്പനിയിലെ ജീവനക്കാരൻ കണ്ണൂർ തട്ടുമ്മൽ സ്വദേശി ജോയലുമാണ് മരിച്ചത്.

കെഎൽ 54 പി 1060 നമ്പർ കാരവനിലാണ് രണ്ടു പുരുഷന്മാരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. ഒരാളുടെ മൃതദേഹം വാതിലിനോട് ചേർന്നും രണ്ടാമത്തേയാളുടേത് ഉള്ളിൽ മറ്റൊരു ഭാഗത്തുമായാണ് ഉണ്ടായിരുന്നത്. ഈ വാഹനം ഇന്നലെ മുതലേ കരിമ്പനപ്പാലത്തെ കെടിഡിസിക്ക് സമീപം കോഴിക്കോട് ഭാഗത്തേക്കു പോകുന്ന വിധം നിർത്തിയിട്ടിയിരിക്കുകയായിരുന്നു.

എരമംഗലം സ്വദേശിയുടെതാണ് വാഹനം.
വാഹനത്തിൻ്റെ മാനേജറുടെ വടകരയിലെ സുഹൃത്തുവന്ന് നോക്കിയപ്പോഴാണ് വാതിലിനോട് ചേർന്ന് ഒരു മൃതദേഹം കാണപ്പെട്ടത്. വടകര പോലീസെത്തി പരിശോധിച്ചപ്പോഴാണ് മറ്റൊരു മൃതദേഹം കൂടി കണ്ടെത്തിയത്. വടകര പോലീസ് സ്റ്റേഷൻ ഓഫീസർ സുനിൽകുമാറിന്റെ നേതൃത്വത്തിൽ പോലീസ് ഊർജിതമായ അന്വേഷണം തുടങ്ങി.

Summary: The incident where a dead body was found in a caravan near the national highway in Vadakara; The dead have been identified and detailed