കൊയിലാണ്ടിയില്‍ വയോധികയുടെ മാല കവര്‍ന്ന സംഭവം; പ്രതിയെ പിടികൂടാന്‍ സഹായിച്ചത് സി.സി.ടി.വി ദൃശ്യങ്ങള്‍, തൊണ്ടിമുതല്‍ യുവാവിന്റെ വീട്ടില്‍ നിന്നും കണ്ടെടുത്തു


കൊയിലാണ്ടി: കുടിക്കാന്‍ വെള്ളം ആവശ്യപ്പെട്ട് വീട്ടിലെത്തിയശേഷം യുവാവ് വയോധികയുടെ മാല കവര്‍ന്ന സംഭവത്തില്‍ പ്രതിയെ കൂടുക്കാന്‍ പൊലീസിന് സഹായകരമായത് സി.സി.ടി.വി ദൃശ്യങ്ങള്‍. ഇന്നലെ തന്നെ മാലയുമായി ഓടിപ്പോകുന്ന പ്രതിയുടെ ദൃശ്യങ്ങള്‍ ലഭിച്ചിരുന്നെന്നും ഈ ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിയാനായതെന്നും പൊലീസ് പേരാമ്പ്ര ന്യൂസ് ഡോട് കോമിനോടു പറഞ്ഞു.

ഉള്ളൂര്‍ പാറത്തോന്‍കണ്ടി വീട്ടില്‍ സായൂജ് (22)നെയാണ് സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റു ചെയ്തത്. തുടര്‍ന്ന് പൊലീസ് ഇയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ നഷ്ടപ്പെട്ട സ്വര്‍ണച്ചെയിന്‍ കണ്ടെത്തി.

ഇയാള്‍ നേരത്തെ കൊയിലാണ്ടി കസ്റ്റംസ് റോഡിലായിരുന്നു താമസം. മൊയ്തീംപള്ളിക്ക് സമീപം സി.കെ ഹൗസില്‍ നഫീസയുടെ രണ്ട് പവന്റെ സ്വര്‍ണ്ണ മാലയാണ് കവര്‍ന്നത്. ഞായറാഴ്ച വൈകീട്ടായിരുന്നു സംഭവം.

വീട്ടില്‍ ആരുമില്ലാത്ത സമയമാണ് യുവാവ് വീട്ടിലെത്തിയത്. കുടിക്കാന്‍ വെള്ളം ആവശ്യപ്പെട്ടത് പ്രകാരം അടുക്കളയിലേക്ക് പോയതായിരുന്നു നഫീസ. ഈ സമയം അടുക്കളയിലെത്തി യുവാവ് കഴുത്തില്‍ അണിഞ്ഞിരുന്ന ചെയിന്‍ പൊട്ടിച്ച് ഓടുകയായിരുന്നു.

നഫീസയുടെ നിലവിളി കേട്ട് ഓടിയെത്തിയ സമീപവാസികളാണ് ആദ്യം മോഷണ വിവരം അറിഞ്ഞത്. സംഭവത്തെ തുടര്‍ന്ന് കൊയിലാണ്ടി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയും പൊലീസ് അന്വേഷണത്തിന്റെ ഭാഗമായി സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിക്കുകയുമായിരുന്നു.

കൊയിലാണ്ടി പോലീസ് സി.ഐ.എന്‍. സുനില്‍കുമാര്‍, എസ്.ഐ.മാരായ എം.എന്‍.അനൂപ്, ഫിറോസ്, സി.പി.ഒമാരായ അനുപ്, രാഗി, തുടങ്ങിയവരുടെ നേതൃത്വത്തില്‍ നടത്തിയ സമര്‍ത്ഥമായ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.