പനിബാധിച്ച് ചികിത്സ തേടിയെത്തിയ ഇരിങ്ങത്ത് സ്വദേശിനി മരിച്ച സംഭവം; മേപ്പയ്യൂരിലെ സ്വകാര്യ ക്ലിനിക്കിനെതിരെ ആരോപണവുമായി കുടുംബം, പൊലീസിനും മുഖ്യമന്ത്രിയ്ക്കും ആരോഗ്യമന്ത്രിക്കും പരാതിനൽകി


മേപ്പയ്യൂര്‍: ഇരിങ്ങത്ത് സ്വദേശിനിയുടെ മരണവുമായി ബന്ധപ്പെട്ട് മേപ്പയ്യൂരിലെ സ്വകാര്യ ക്ലിനിക്കിനെതിരെ പരാതിയുമായി യുവതിയുടെ കുടുംബം. സ്വകാര്യ ക്ലിനിക്കിലെ ചികിത്സാ പിഴവ് കാരണമാണ് യുവതി മരിച്ചതെന്നാണ് ബന്ധുക്കള്‍ മേപ്പയ്യൂര്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. സംഭവത്തില്‍ ഡിഎംഒ ,ജില്ലാ കലക്ടര്‍, ആരോഗ്യ വകുപ്പ് മന്ത്രി, മുഖ്യമന്ത്രി എന്നിവര്‍ക്കും ബന്ധുക്കള്‍ പരാതി നല്‍കിയിട്ടുണ്ട്.

ഇരിങ്ങത്ത് പുളിയുള്ളതില്‍ താമസിക്കും അട്ടച്ചാലില്‍ നിസാറിന്റെ ഭാര്യ റഹ്‌മത്തിന്റെ മരണവുമായി ബന്ധപ്പെട്ടാണ് പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. ശക്തമായ പനിയെ തുടര്‍ന്ന് ആഗസ്റ്റ് രണ്ടിനാണ് റഹ്‌മത്തുമായി മേപ്പയ്യൂരിലെ സ്വകാര്യ ക്ലിനിക്കില്‍ ചികിത്സ തേടിയതെന്ന് ബന്ധുവായ നിസാം കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. തുടര്‍ന്ന് നടത്തിയ ലാബ് പരിശോധനയില്‍ അന്നുതന്നെ മഞ്ഞപ്പിത്തം സ്ഥിരീകരിച്ചിരുന്നു. പ്രശ്‌നങ്ങളൊന്നുമില്ലെന്നും ഇവിടെ തന്നെ ചികിത്സ തുടര്‍ന്നാല്‍ മതിയെന്നും ഡോക്ടര്‍ പറഞ്ഞതുപ്രകാരം അവിടെ അഡ്മിറ്റ് ചെയ്യുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

ആഗസ്റ്റ് അഞ്ചാം തിയ്യതി വൈകുന്നേരമാണ് ഇവിടെ നിന്നും ഡിസ്ചാര്‍ജ് ചെയ്യുന്നത്. മെഡിക്കല്‍ കോളേജില്‍ രോഗിയെ കൊണ്ടുപോകണമെന്നും അവിടെ നിന്നും ഇഞ്ചക്ഷന്‍ എഴുതി തരുമെന്നും ശേഷം ഇവിടെ നിന്ന് ഇഞ്ചക്ഷന്‍ ചെയ്യാമെന്നും പറഞ്ഞതുപ്രകാരമാണ് ഡിസ്ചാര്‍ജ് ചെയ്തതെന്നും ബന്ധു പറഞ്ഞു. സ്ഥിതി ഗുരുതരമാണെന്നൊന്നും പറഞ്ഞിരുന്നില്ല. ഡിസ്ചാര്‍ജ് ആയതിന് പിന്നാലെ സമീപത്തെ മറ്റൊരു സ്വകാര്യ ക്ലിനിക്കില്‍ ചികിത്സതേടി. അന്ന് അവിടെ അഡ്മിറ്റ് ചെയ്യുകയും പിറ്റേദിവസം അവിടുത്തെ ഡോക്ടര്‍ നിര്‍ദേശിച്ചത് പ്രകാരം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകുകയുമായിരുന്നു.

മെഡിക്കല്‍ കോളേജില്‍ എത്തുമ്പോഴേക്കും ചികിത്സ ഫലിക്കാത്ത നിലയിലേക്ക് മാറുകയും തുടര്‍ന്ന് ആഗസ്റ്റ് ഏഴിന് റഹ്‌മത്ത് മരണപ്പെടുക യുമായിരുന്നു. മേപ്പയ്യൂരിലെ ക്ലിനിക്കില്‍ നിന്നുംമഞ്ഞപ്പിത്തം ആണെന്ന് തിരിച്ചറിഞ്ഞിട്ടും സാമ്പത്തിക ലാഭത്തിനായി ക്ലിനിക്കില്‍ തന്നെ അഡ്മിറ്റ് ചെയ്ത് നിര്‍ത്തുകയായിരുന്നെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്.

ഇവിടെ ചികിത്സിച്ച ഡോക്ടര്‍ക്ക് രജിസ്‌ട്രേഷന്‍ ഇല്ലെന്ന സംശയവും ബന്ധുക്കള്‍ പരാതിയില്‍ ഉന്നയിക്കുന്നുണ്ട്. ലാബ് റിസള്‍ട്ടുകള്‍ തന്നത് ചികിത്സിച്ച ഡോക്ടറുടെ പേരില്ലല്ലെന്നും മറ്റൊരു ഡോക്ടറുടെ പേരിലാണെന്നുമാണ് ബന്ധുക്കള്‍ പറയുന്നത്. കൂടാതെ ഈ ക്ലിനിക്കിന് കിടത്തി ചികിത്സയ്ക്ക് അനുമതിയില്ലെന്നാണ് ഇപ്പോള്‍ മനസിലാവുന്നതെന്നും നിരുത്തരവാദിത്തപരമായ സമീപനത്തിനെതിരെ നിയമ നടപടിയുമായി മുന്നോട്ടു പോകുമെന്നും റഹ്‌മത്തിന്റെ ബന്ധുക്കള്‍ പറഞ്ഞു.

Summary: The incident of the death of a native of Iringat who sought treatment for fever; Family alleging against private clinic in Mepayyur, complaint to police, chief minister and health minister