മടപ്പള്ളിയിൽ വിദ്യാർത്ഥിനികളെ ബസ്സിടിച്ച സംഭവം; ബസ് ഡ്രൈവർക്ക് വടകര ആർടിഒ നോട്ടീസ് അയച്ചു
മടപ്പള്ളി: മടപ്പള്ളിയിൽ വിദ്യാർത്ഥിനികളെ ബസ്സിടിച്ച സംഭവത്തിൽ ബസ് ഡ്രൈവർക്ക് വടകര ആർടിഒ നോട്ടീസ് അയച്ചു. ഹിയറിംങിന് ഹാജരാകാൻ വേണ്ടിയാണ് നോട്ടീസ് അയച്ചത്. ഡ്രൈവറുടെ ഭാഗം കേൾക്കുകയും ബന്ധപ്പെട്ട രേഖകൾ പരിശോധിക്കുകയും ചെയ്ത ശേഷം മാത്രമേ നടപടിയെടുക്കുകയുള്ളൂവെന്ന് വടകര ആർ ടി ഓഫീസർ വടകര ഡോട് ന്യൂസിനോട് പറഞ്ഞു.
അശ്രദ്ധമായി വണ്ടി ഓടിച്ച് അപകടമുണ്ടാക്കിയതിനാണ് ഡ്രൈവർക്കെതിരെ നടപടിയെടുക്കുക. ബസിന്റെ പെർമിറ്റ് റദ്ദ് ചെയ്യുന്നത് സംബന്ധിച്ച് ജില്ലാ കളക്ടർ ചെയർമാനായ ആർ ടി എ ബോർഡാണ് തീരുമാനമെടുക്കുകയെന്നും ആർ ടി ഓഫീസർ അറിയിച്ചു.
അപകട സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ട കണ്കടറും ഡ്രൈവറും ഇന്ന് വൈകീട്ടോടെ ചോമ്പാല പോലീസ് സ്റ്റേഷനിൽ ഹാജരായി. ഇന്നലെ ഉച്ചയ്ക്കാണ് ദേശീയ പാതയിൽ മടപ്പള്ളിയിൽ സീബ്രാലൈനിലൂടെ റോഡ് മുറിച്ചു കടക്കുകയായിരുന്ന 3 വിദ്യാർത്ഥിനികളെ ബസ് ഇടിച്ച് തെറിപ്പിച്ചത്. കണ്ണൂർ- തൃശ്ശൂർ റൂട്ടിലോടുന്ന അയ്യപ്പൻ ബസാണ് അപകടത്തിനിടയാക്കിയത്. ബസ് ഇന്നലെ തന്നെ ചോമ്പാല പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.