മടപ്പള്ളിയിൽ വിദ്യാർത്ഥിനികളെ ബസ്സിടിച്ച സംഭവം; ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കി, നടപടി ആജീവനാന്ത കാലത്തേക്ക്


വടകര: മടപ്പള്ളിയിൽ സീബ്രാ ലൈനിലൂടെ റോഡ് മുറിച്ച് കടക്കുകയായിരുന്ന വിദ്യാർത്ഥിനികളെ ബസ്സിടിച്ച സംഭവത്തിൽ ഡ്രൈവറുടെ ലൈസന്‍സ് മോട്ടോര്‍ വാഹന വകുപ്പ് റദ്ദാക്കി. വടകര ബീച്ചിലെ വണ്ണാറത്ത് വീട്ടില്‍ മുഹമ്മദ് ഫുറൈസ് ഖിലാബിന്റെ ലൈസന്‍സാണ് റദ്ദാക്കിയത്.

അപകടത്തെ തുടര്‍ന്ന്‌ വടകര ആര്‍ടിഒ സഹദേവന്‍ ഡ്രൈവറെ വിളിപ്പിച്ച് ഹിയറിങ് നടത്തിയിരുന്നു. ഇതിനുശേഷമാണ് ഡ്രൈവറുടെ എല്ലാ ഡ്രൈവിങ് ലൈസന്‍സുകളും റദ്ദാക്കിയത്. ആജീവനാന്ത കാലത്തേക്കാണ് നടപടി.

ജൂലൈ 8നാണ്‌ ദേശീയ പാതയിൽ മടപ്പള്ളിയിൽ സീബ്രാലൈനിലൂടെ റോഡ് മുറിച്ചു കടക്കുകയായിരുന്ന 3 വിദ്യാർത്ഥിനികളെ ബസ് ഇടിച്ച് തെറിപ്പിച്ചത്. കണ്ണൂർ – തൃശ്ശൂർ റൂട്ടിലോടുന്ന അയ്യപ്പൻ ബസാണ് അപകടത്തിനിടയാക്കിയത്. അപകടത്തിന് തൊട്ടുപിന്നാലെ ഡ്രൈവര്‍ ഇറങ്ങി ഓടുകയായിരുന്നു.

പരിക്കേറ്റ ശ്രേയ, ഹൃദ്യ, ദേവിക എന്നീ കുട്ടികളെ നാട്ടുകാരും സുഹൃത്തുക്കളും ചേര്‍ന്നാണ് ആശുപത്രിയില്‍ കൊണ്ടുപോയത്. ബസ് അന്നു തന്നെ ചോമ്പാല പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.