കണ്ണൂർ എ.ഡി.എം നവീൻ ബാബുവിന്റെ ആത്മഹത്യ; പി.പി ദിവ്യക്കെതിരായ പരാതിയില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു


കണ്ണൂര്‍: കണ്ണൂർ അ‍‍ഡീഷനൽ ജില്ലാ മജിസ്‌ട്രേറ്റ് നവീൻ ബാബുവിന്റെ മരണത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്‌ പി.പി ദിവ്യക്കെതിരായ പരാതിയില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. മനുഷ്യാവകാശ പ്രവർത്തകനായ അഡ്വ. വി ദേവദാസ് നൽകിയ പരാതിയിലാണ് നടപടി. ജില്ലാ കളക്ടറും ജില്ലാ പോലീസ് മേധാവിയും പരാതി പരിശോധിച്ച് രണ്ടാഴ്ച്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് ആവശ്യപ്പെട്ടു.

നവംബർ 19 ന് കണ്ണൂർ ഗവ.ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും. എഡിഎമ്മിന് ജീവനക്കാർ നൽകിയ യാത്രയയപ്പ് സമ്മേളനത്തിൽ ക്ഷണിക്കപ്പെടാതെ എത്തിയ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്‌ എഡിഎമ്മിനെ അഴിമതിക്കാരനാക്കിയെന്നാണ് പരാതി. പ്രസിഡന്റിന്റെ നടപടി തീർത്തും നിയമവിരുദ്ധമാണെന്നും നവീൻ ബാബുവിന്റെ കുടുംബത്തിന് നഷ്ടപരിഹാരവും ആശ്രിതക്ക് ജോലിയും നൽകണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്‌.

നാളെയാണ് നവീന്‍ ബാബുവിന്റെ സംസ്‌കാരം. പത്തനംതിട്ട കളക്ടേറ്റിലും വീട്ടിലും പൊതുദര്‍ശനവെച്ച ശേഷം ഉച്ചയോടെയായിരിക്കും ചടങ്ങ്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ചൊവ്വാഴ്ച രാത്രി 12.45ഓടെയാണ് മൃതദേഹം വീട്ടുകാര്‍ക്ക് കൈമാറിയത്. അതേ സമയം പി.പി ദിവ്യക്കെതിരെ കണ്ണൂരിലും പത്തനംതിട്ട മലയാലപ്പുഴയിലും പ്രതിഷേധം തുടരുകയാണ്. കണ്ണൂര്‍ കോര്‍പറേഷന്‍ പരിധിയില്‍ ബിജെപിയും മലയാലപ്പുഴയില്‍ കോണ്‍ഗ്രസും ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടരുകയാണ്. മാത്രമല്ല ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനം രാജി വെക്കണമെന്നാവശ്യപ്പെട്ട് ഇന്ന്‌ ബിജെപിയും യൂത്ത് കോണ്‍ഗ്രസും ദിവ്യയുടെ വീട്ടിലേക്ക് പ്രതിഷേധ മാര്‍ച്ചും സംഘടിപ്പിക്കുന്നുണ്ട്.

ചൊവ്വാഴ്ച രാവിലെയോടെയാണ് കണ്ണൂരിലെ ക്വാര്‍ട്ടേഴ്‌സില്‍ നവീന്‍ ബാബുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കണ്ണൂരിൽനിന്നു സ്ഥലം മാറ്റം ലഭിച്ച് സ്വദേശമായ പത്തനംതിട്ടയിൽ അടുത്ത ദിവസം ജോലിയിൽ പ്രവേശിക്കേണ്ടതായിരുന്നു. എന്നാൽ രാവിലത്തെ ട്രെയിനിൽ നവീൻ ബാബു കയറിയില്ലെന്ന് കണ്ട് ബന്ധുക്കൾ കണ്ണൂരിൽ വിവരമറിയിക്കുകയായിരുന്നു. താമസ സ്ഥലത്ത് പരിശോധിച്ചപ്പോഴാണ് വീട്ടിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.

കഴിഞ്ഞ ദിവസം വൈകിട്ട് കണ്ണൂർ കലക്ടറേറ്റിൽ നടന്ന യാത്രയയപ്പ് ചടങ്ങിലാണ്‌ പി.പി.ദിവ്യ എഡിഎമ്മിനെ രൂക്ഷമായി വിമർശിച്ചത്‌. ക്ഷണിക്കാതെ യോഗത്തിനെത്തിയ ദിവ്യ ചെങ്ങളായിയിൽ പെട്രോൾ പമ്പിന് അനുമതി നൽകുന്നത് മാസങ്ങളോളം വൈകിപ്പിച്ച എഡിഎമ്മിൻ്റെ നടപടിയിലാണ് വിമർശനം ഉന്നയിച്ചത്. സ്ഥലം മാറ്റം വന്നതിന് ശേഷം രണ്ട് ദിവസം മുൻപ് അനുമതി നൽകിയെന്നും അത് എങ്ങനെയെന്ന് തനിക്കറിയാമെന്നും, രണ്ട് ദിവസത്തിനുള്ളിൽ വിവരങ്ങൾ പുറത്തുവിടുമെന്നും പറഞ്ഞിരുന്നു. കളക്ടറുടെ സാന്നിധ്യത്തിലായിരുന്നു പ്രസംഗം. പ്രസംഗം അവസാനിപ്പിച്ച ദിവ്യ, ഉപഹാരം നൽകുമ്പോൾ നിൽക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് പറഞ്ഞ് വേദി വിടുകയായിരുന്നു.

Description: The Human Rights Commission registered a case on the complaint against PP Divya