അമീബിക് മസ്തിഷ്‌ക ജ്വരം; കോഴിക്കോട് അച്ചന്‍കുളത്തില്‍ കുളിച്ചവരുടെ വിവരങ്ങള്‍ ശേഖരിച്ച് ആരോഗ്യവകുപ്പ്


കോഴിക്കോട്: അമീബിക് മസ്തിഷ്‌ക ജ്വര ഭീതിയുടെ പശ്ചാത്തലത്തില്‍ കോഴിക്കോട് ഫാറൂഖ് കോളേജിന് സമീപത്തുള്ള അച്ചന്‍കുളത്തില്‍ കുളിച്ചവരുടെ വിവരങ്ങള്‍ ശേഖരിക്കുന്നു. ഇവിടെ കുളിച്ച പന്ത്രണ്ട് വയസുകാരന് മസ്തിഷ്‌ക ജ്വരം സംശയിക്കുന്ന സാഹചര്യത്തിലാണ് വിവരശേഖരണം.

ജൂണ്‍ 16ാം തിയ്യതി മുതല്‍ ഇവിടെ എത്തിയവരുടെ വിവരങ്ങളാണ് ശേഖരിക്കുന്നത്. ആരോഗ്യവകുപ്പിന് കീഴില്‍ ആശാവര്‍ക്കര്‍മാരാണ് അന്വേഷണം നടത്തുന്നത്.

രാമനാട്ടുകര നഗരസഭയിലെ 24, അഞ്ച് ഡിവിഷന്‍ പരിധിയില്‍ വരുന്ന കുളമാണിത്. ദിവസേന നൂറുകണക്കിന് ആളുകളാണ് ഈ പൊതുകുളം ഉപയോഗിച്ചുവരുന്നത്. മലപ്പുറം ജില്ലയില്‍ നിന്നുള്‍പ്പെടെ നീന്തല്‍ പരിശീലിക്കാനും കുളിക്കാനുമായി നിരവധി ആളുകള്‍ ഇവിടേക്ക് എത്താറുണ്ട്. കഴിഞ്ഞ 16ാം തീയ്യതി മുതല്‍ കുളത്തില്‍ എത്തിയവരുടെ വിവരമാണ് ശേഖരിക്കുന്നത്. ഏതെങ്കിലും തരത്തിലുള്ള ശാരീരിക അസ്വാസ്ഥ്യങ്ങള്‍ ആരോഗ്യവകുപ്പ് അധികൃതരെ ബന്ധപ്പെടണമെന്നുള്ള നിര്‍ദേശവും നല്‍കിയിട്ടുണ്ട്.