കൊല്ലപ്പെട്ട പന്തിരിക്കര സ്വദേശി ഇര്‍ഷാദ് കൊണ്ടുവന്ന സ്വര്‍ണം എത്തിച്ചത് കണ്ണൂരിലെ ജ്വല്ലറിയിലേക്ക്; ജ്വല്ലറിക്ക് പ്രത്യേക അന്വേഷണ സംഘം നോട്ടീസ് നല്‍കി
പേരാമ്പ്ര: സ്വര്‍ണക്കടത്ത് സംഘത്തിന്റെ പിടിയിലായി പിന്നീട് കൊല്ലപ്പെട്ട പന്തിരിക്കര സ്വദേശി ഇര്‍ഷാദ് ദുബായില്‍ നിന്നും കൊണ്ടുവന്ന സ്വര്‍ണം എത്തിച്ചത് കണ്ണൂരിലെ ജ്വല്ലറിയിലേക്കെന്ന് കണ്ടെത്തല്‍. പാനൂരിലെ സ്വര്‍ണമഹല്‍ ജ്വല്ലറിയിലേക്കാണ് കള്ളക്കടത്ത് സ്വര്‍ണം എത്തിച്ചതെന്നാണ് പൊലീസ് കണ്ടെത്തിയത്.
അന്വേഷണ സംഘം ജ്വല്ലറിക്ക് നോട്ടീസ് നല്‍കി. ശാസ്ത്രീയമായ തെളിവുകളുടെ അടിസ്ഥാനത്തിലും പ്രതികളെ ചോദ്യം ചെയ്തതില്‍ നിന്നുമാണ് ഇക്കാര്യം വെളിവായത്.
മെയ് 13നാണ് ഇര്‍ഷാദ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണവുമായി ഇറങ്ങിയത്. ഇര്‍ഷാദില്‍ നിന്നും ഷമീറാണ് ഈ സ്വര്‍ണം ഏറ്റുവാങ്ങിയത്. കെമിക്കല്‍ രൂപത്തിലാക്കി കൊണ്ടുവന്ന സ്വര്‍ണം നാദാപുരം പാറക്കടവിലുള്ള സ്വര്‍ണപ്പണിക്കാരനാണ് വേര്‍തിരിച്ചെടുത്തതെന്നും റിപ്പോര്‍ട്ടുണ്ട്.
ഇത് ഇവര്‍ പാനൂരിലെ സ്വര്‍ണക്കടയില്‍ നല്‍കി പണം കൈപ്പറ്റിയതിന് പൊലീസിന് തെളിവു ലഭിച്ചിട്ടുണ്ട്. സ്വാലിഹിന്റെ സംഘം തിരഞ്ഞുവരാതിരിക്കാന്‍ ഷമീര്‍ വൈത്തിരിയിലെ ലോഡ്ജില്‍ ഇര്‍ഷാദിനെ താമസിപ്പിക്കുകയും ചെയ്തു. ചെലവിന് ഷമീറും നിജാസും ഗൂഗിള്‍ പേ വഴി ഇടയ്ക്കിടെ പണം അയച്ചുകൊടുത്തതിന് തെളിവുണ്ടെന്ന് ഇര്‍ഷാദിന്റെ സഹോദരന്‍ പറഞ്ഞിരുന്നു.