മൾബറി പറിക്കുന്നതിനിടെ അബദ്ധത്തിൽ വീണത് കിണറ്റില്‍; ഇനിയില്ല ആ കളിചിരി, ചെക്യാട് മാമുണ്ടേരിയിലെ മുനവറലിയുടെ മരണത്തിൽ വിതുമ്പി നാട്


നാദാപുരം: ചെക്യാട് മാമുണ്ടേരിയിലെ പത്ത് വയസുകാരന്‍ മുനവറലിയുടെ അപ്രതീക്ഷിത മരണത്തിന്റെ ഞെട്ടലില്‍ നാട്. ഇന്ന് രാവിലെ 8.30ഓടെയാണ്‌ നാടിനെ നടുക്കിയ മരണം നടന്നത്. ചെക്യാട് സൗത്ത് എംഎൽപി സ്‌കൂൾ നാലാം ക്ലാസ് വിദ്യാർഥിയായ മാമുണ്ടേരി നെല്ലിയുള്ളതിൽ മുനവറലിയാണ് മരിച്ചത്.

മാമുണ്ടേരിയിലെ മദ്രസയിൽ നിന്ന് ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങി വരുന്നതിനിടെ സമീപത്തെ പറമ്പിലെ ​ഗ്രിൽസിട്ട കിണറിന് മുകളിൽ കയറി മൾബറി പറിക്കാൻ ശ്രമിക്കുന്നതിനിടെ അബദ്ധത്തിൽ കിണറിലേക്ക് വീഴുകയായിരുന്നു. മുനവറലിക്കൊപ്പം ഉണ്ടായിരുന്ന കൂട്ടുകാർ നിലവിളിച്ചതിനെ തുടർന്ന് നാട്ടുകാർ എത്തിയാണ് കുട്ടിയെ പുറത്തെടുത്തത്. ഉടൻ കല്ലാച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

വളയം പോലീസ് ഇൻക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. രാത്രി 10മണിയോടെ ചെറുമോത്ത് വലിയജുമാമസ്ജിദില്‍ ഖബറടക്കം നടക്കും.

ഉപ്പ: ഹമീദ്.
ഉമ്മ: ഫാത്തിമുത്തൽ സലീമ.

Description: The funeral of 10-year-old Munavarali from Chekykiad Mamunderi will be held today